ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ദക്ഷിണേന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിക്ക് ശേഷം റാണയുടെ നിറഞ്ഞ 'സ്‌ക്രീന്‍' സാന്നിധ്യം കാണാന്‍ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ഹാത്തി മേരേ സാത്തി' എത്തുകയാണ്. 

ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള കായികാധ്വാനമാണ് താന്‍ ചെയ്തതെന്നാണ് റാണ ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുന്നത്. ഒരു കാടിനെ സംരക്ഷിച്ചുകൊണ്ടുപോകുന്ന കഥാപാത്രമാണ് ചിത്രത്തില്‍ റാണയുടേത്. ഈ കഥാപാത്രത്തിനായി നന്നായി മെലിയണമെന്ന് സംവിധായകന്‍ പ്രഭു സോളമന്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. 

എന്നാല്‍ അപ്പോഴൊന്നും താനിത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റാണ പറയുന്നു. 30 കിലോയോളമാണത്രേ റാണയ്ക്ക് 'ഹാത്തി മേരേ സാത്തി'ക്കായി കുറയ്‌ക്കേണ്ടി വന്നത്. 

'കഥാപാത്രത്തിനെ കാണുമ്പോള്‍ തന്നെ അത്രയും ഓര്‍ഗാനിക് ആയിരിക്കണമെന്ന് പ്രഭു സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഇത്രയധികം വണ്ണം കുറയ്ക്കുകയെന്നത് എനിക്കൊട്ടും എളുപ്പമായിരുന്നില്ല. ഒന്നാമത് ഞാന്‍ ശാരീരികമായി സൈസ് ഉള്ളൊരാളാണ്. എന്നെ മെലിഞ്ഞ ഒരാളായി തോന്നണമെങ്കില്‍ എന്തുമാത്രം പാടുപെടണം..'- റാണ പറയുന്നു. 

ഏതായാലും കഠിനമായി വര്‍ക്കൗട്ടുകളിലൂടെയും ഡയറ്റിലൂടെയും ആ ലക്ഷ്യം റാണ നേടുക തന്നെ ചെയ്തു. ഈ ദിവസങ്ങളില്‍ റാണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടന്‍ മെലിഞ്ഞിരിക്കുന്നതെന്നും, വിദേശത്ത് പോയി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുമെല്ലാമായിരുന്നു പ്രചരിച്ചിരുന്നത്. 

സംഗതി പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നുവെന്നത് ഇപ്പോഴാണ് കൃത്യമായി വ്യക്തമാകുന്നത്. അസുഖങ്ങളൊന്നുമില്ല അത്തരം വാര്‍ത്തകള്‍ സത്യമല്ല എന്ന് മാത്രമായിരുന്നു വിവാദങ്ങള്‍ വന്ന സമയത്ത് റാണ നല്‍കിയിരുന്ന വിശദീകരണം. 

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും റാണയുടെ പുതിയ ചിത്രം റിലീസാകുന്നുണ്ട്. കേരളം, മഹാബലേശ്വാര്‍, മുംബൈ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായി 250 ദിവസങ്ങള്‍ നീണ്ട ചിത്രീകരണമായിരുന്നു 'ഹാത്തി മേരേ സാത്തി'ക്ക് വേണ്ടിവന്നത്.