കൊറോണാ ഭീതിയിൽ ലോകമെമ്പാടും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്ന് തായ്‌ലൻഡിലും ദൃശ്യമായി. ലോപ്ബുരി തായ്‌ലൻഡിലെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. നിത്യേന ആയിരക്കണക്കിന് വിദേശസഞ്ചാരികൾ വന്നു പൊയ്ക്കൊണ്ടിരുന്ന അവിടെ, കൊറോണാ ഭീതി പടർന്നതോടെ ഒരു മനുഷ്യൻ പോലും കാലുകുത്താതെയായി. 

 

അവിടത്തെ മലമുകളിൽ കഴിഞ്ഞു കൂടിയിരുന്ന കുരങ്ങുകൾക്ക് വിശപ്പടക്കാനുള്ള ഏകാശ്രയം വന്നുപോകുന്ന വിനോദ സഞ്ചാരികൾ കഴിക്കാൻ കൊടുത്തിരുന്ന പഴമായിരുന്നു. അത് കിട്ടാതെ വിശന്നുവലഞ്ഞ കുരങ്ങന്മാർ അധികം താമസിയാതെ കൂട്ടത്തോടെ ടൗണിലെ നിരത്തുകൾ കയ്യടക്കി. അവിടെ കണ്ണിൽ കണ്ട ഭക്ഷണ പദാർത്ഥങ്ങൾ അവർ തട്ടിയെടുത്തു. അവർക്കിടയിൽ തന്നെയുള്ള ഗ്യാങ്ങുകൾ തമ്മിൽ ഭക്ഷത്തിനായി പട്ടാപ്പകൽ നടുനിരത്തിൽ വെച്ച് പിടിവലിയായി, തർക്കമായി, തല്ലായി. 

അതുവഴി പോയ സസാലുക്ക് രട്ടാനച്ചായി എന്ന തദ്ദേശവാസിയാണ് കുരങ്ങുകളുടെ ഈ മേളത്തിന്റെ വീഡിയോകളും ചിത്രങ്ങളും പകർത്തിയത്. ഈ പാവങ്ങളുടെ വിഷമം കണ്ട നാട്ടുകാർ എന്തായാലും അവർക്ക് തണ്ണിമത്തനും പഴങ്ങളും വെള്ളവും ഒക്കെ കൊടുക്കുന്നുണ്ട്.