ഏമ്പക്കം വിടുന്നതിനെ പൊതുവില്‍ ഒരു മോശം കാര്യമായി കണക്കാക്കുന്നവരുണ്ട്. പ്രത്യേകിച്ച് പരസ്യമായി ഏമ്പക്കം വിടുന്നത്. നല്ല ശബ്ദത്തില്‍ 'റിലാക്സ്' ചെയ്ത് ഏമ്പക്കം വിടാൻ പലരും വിമ്മിട്ടപ്പെടുന്നത് കണ്ടിട്ടില്ലേ?

നമ്മുടെ ഓരോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. എത്ര ചെറിയ പ്രവര്‍ത്തനമാണെങ്കിലും അതിനും അര്‍ത്ഥമോ ലക്ഷ്യമോ ഉണ്ടാകാം. അത്തരത്തില്‍ നമ്മള്‍ ഏമ്പക്കം വിടുന്നതിന്‍റെ പ്രാധാന്യത്തെയും അതില്‍ വരാവുന്ന അസാധാരണത്വങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഏമ്പക്കം വിടുന്നതിനെ പൊതുവില്‍ ഒരു മോശം കാര്യമായി കണക്കാക്കുന്നവരുണ്ട്. പ്രത്യേകിച്ച് പരസ്യമായി ഏമ്പക്കം വിടുന്നത്. നല്ല ശബ്ദത്തില്‍ 'റിലാക്സ്' ചെയ്ത് ഏമ്പക്കം വിടാൻ പലരും വിമ്മിട്ടപ്പെടുന്നത് കണ്ടിട്ടില്ലേ? ആരെങ്കിലും എന്തെങ്കിലും മോശം കരുതുമോ എന്നാണിവരുടെ പേടി. 

സത്യത്തില്‍ ഏമ്പക്കം വിടുമ്പോള്‍ ഇങ്ങനെ സ്വയം നിയന്ത്രിക്കുകയോ, അകത്തേക്ക് തന്നെ എടുക്കാൻ ശ്രമിക്കുകയോ, അടിച്ചമര്‍ത്തുകയോ ചെയ്യരുത്. കാരണം നമ്മുടെ വയറ്റിനകത്തുള്ള 'എക്സ്ട്രാ എയര്‍' അതായത്, അധികമായുള്ള വായു പുറത്താക്കുന്നതാണ് ഏമ്പക്കം ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് സാരം. 

നാം ശ്വാസമെടുക്കുമ്പോഴും, ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോഴുമെല്ലാം ഒരളവ് വരെ വായു അല്‍പാല്‍പമായി നമ്മുടെ അകത്തേക്ക് കടക്കുന്നുണ്ട്. ഇതിന് പുറമെ ഭക്ഷണസാധനങ്ങള്‍ വയറ്റിനകത്ത് വിഘടിച്ച് ദഹിക്കുന്ന സമയത്തും ഗ്യാസ് ഉണ്ടാകുന്നുണ്ട്. ഇങ്ങനെ നില്‍ക്കുന്ന വായു എല്ലാം പുറത്തേക്ക് പോകണം. ഏമ്പക്കമാണ് ഇതിന് ഏറെയും സഹായിക്കുന്നത്. 

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത്, പുകവലിക്കുന്നത്, വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത്, ഇടയ്ക്കിടെ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് എല്ലാം വയറ്റില്‍ അധികം ഗ്യാസുണ്ടാക്കുകയും ഏമ്പക്കം കൂടുതലാക്കുകയും ചെയ്യും. 

നമ്മള്‍ ഭക്ഷണശേഷം മൂന്നോ നാലോ തവണ വരെ ഏമ്പക്കം വിടുന്നത് സാധാരണമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഏമ്പക്കം അധികമാകുന്ന സാഹചര്യങ്ങളുണ്ടാകാം. ഇത് തീര്‍ച്ചയായും സാധാരണമല്ല. പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിച്ചിട്ടുള്ള അസുഖങ്ങള്‍, ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം) പോലുള്ള പ്രശ്നങ്ങളുള്ളവരിലാണ് ഏമ്പക്കം കൂടുതലായി കാണുക. ഇവരുടെ വയറ്റിലെ ഗ്യാസിന്‍റെ അളവും അത്ര കൂടുതലായിരിക്കും. 

നേരത്തെ സൂചിപ്പിച്ചത് പോലെ ചില ശീലങ്ങളും ഏമ്പക്കം കൂട്ടാം. അതുപോലെ ചില ദിവസങ്ങളിലെ ഡയറ്റും ഗ്യാസ് അധികമാകുന്നതിലേക്ക് നയിക്കാം. എന്തായാലും പൊതുവില്‍ തുടരെ ഏമ്പക്കം വരുന്നുവെങ്കില്‍ ഒരു ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റിനെ കാണാവുന്നതാണ്. എന്തുകൊണ്ടാണ് അധികമായി ഗ്യാസുണ്ടാകുന്നത്, ഭക്ഷണത്തിലോ ജീവിതരീതിയിലോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതോ എന്തെങ്കിലും അസുഖമുണ്ടോ എന്നെല്ലാം മനസിലാക്കാനും, പരിഹരിക്കാനും ഇത് സഹായിക്കും. 

Also Read:- എപ്പോഴും സ്ട്രെസ് അനുഭവപ്പെടുന്നോ?; സ്ട്രെസ് കുറയ്ക്കാനിതാ ചില 'ടിപ്സ്'...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo