Asianet News MalayalamAsianet News Malayalam

തഴഞ്ഞതിൽ രാജ്‍നാഥ് സിംഗിന് കടുത്ത അതൃപ്തി: മുഖം രക്ഷിക്കാൻ കൂടുതൽ മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തി

എട്ട് മന്ത്രിസഭാ ഉപസമിതികൾ രൂപീകരിച്ചതിൽ എട്ടിലും അമിത് ഷായെ ഉൾപ്പെടുത്തിയപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് മന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും രാജ്‍നാഥിനെ ഉൾപ്പെടുത്തിയിരുന്നത്.

After Being Left Out Rajnath Singh Included In Key Cabinet Committees
Author
New Delhi, First Published Jun 6, 2019, 11:28 PM IST

ദില്ലി: മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ പ്രധാന സമിതികളിൽ നിന്ന് തഴഞ്ഞതിൽ രാജ്‍നാഥ് സിംഗിന് അതൃപ്തിയെന്ന് സൂചന. കടുത്ത പ്രതിഷേധമറിയിച്ചതോടെ വിവാദം ഒഴിവാക്കാൻ രാജ്‍നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തി. എട്ട് മന്ത്രിസഭാ സമിതികൾ രൂപീകരിച്ചതിൽ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും രാജ്‍നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പാർലമെന്‍ററി കാര്യ സമിതി, രാഷ്ട്രീയകാര്യസമിതി, നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നിവയിലേക്കാണ് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ രാജ്‍നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ പാർലമെന്‍ററി കാര്യസമിതിയിൽ അമിത് ഷായ്ക്ക് പകരം രാജ്‍നാഥ് സിംഗ് അധ്യക്ഷനാകും. 

അതേസമയം, അധികാരമുറപ്പിച്ച് അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനായി. എട്ടെണ്ണത്തിലും അംഗത്വവും നൽകി. അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാർലമെന്‍ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നൽകിയ പ്രധാനചുമതല. പാർലമെന്‍റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് പാർലമെന്‍ററി കാര്യ ഉപസമിതി. ദില്ലിയിൽ ആർക്കൊക്കെ സർക്കാർ വീടുകൾ നൽകണമെന്ന തീരുമാനമെടുക്കുന്ന സമിതിയാണ് ഷാ അധ്യക്ഷനായ രണ്ടാമത്തേത്. മറ്റുള്ള സമിതികളുടേത് പോലെയല്ലെങ്കിലും ഇതും ഒരു സുപ്രധാന ചുമതല തന്നെയാണ്. 

ശ്രദ്ധേയമായത് നിയമനകാര്യസമിതിയായിരുന്നു. രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഏറ്റവും സുപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന നിയമനകാര്യസമിതിയുടെ കടിഞ്ഞാൺ ഇവരുടെ കയ്യിൽ മാത്രമാണെന്ന ശ്രദ്ധേയമായ സന്ദേശമായിരുന്നു ഇത്. വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല.  

കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‍നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. ഗുജറാത്തിലേതെന്ന പോലെ മോദി താക്കോൽസ്ഥാനത്തിരുന്നപ്പോൾ അമിത് ഷാ ആഭ്യന്തരമന്ത്രിയായി. മന്ത്രിസഭയിൽ പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്‍ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‍നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‍വഴക്കം. ഈ സാഹചര്യത്തിൽക്കൂടിയാണ് രാജ്‍നാഥ് സിംഗിനെ ഇതിൽ രണ്ടിലും ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചാ വിഷയമായത്. കഴിഞ്ഞ തവണ പ്രതിരോധമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ രാഷ്ട്രീയകാര്യഉപസമിതിയിൽ അംഗമായിരുന്നു താനും. 

പുതിയ ഘടന അനുസരിച്ച്, മന്ത്രിസഭാ ഉപസമിതികളിലെ അംഗങ്ങൾ ഇവരാണ്:

സാമ്പത്തിക കാര്യ ഉപസമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, സദാനന്ദ ഗൗഡ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, സുബ്രഹ്മണ്യം ജയശങ്കർ, ധർമേന്ദ്രപ്രധാൻ എന്നിവർ അംഗങ്ങൾ.

പാർലമെന്‍ററി കാര്യസമിതിയിൽ അധ്യക്ഷൻ രാജ്‍നാഥ് സിംഗാകും. പ്രധാനമന്ത്രി, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, രാംവിലാസ് പസ്വാൻ, തവർ ചന്ദ് ഗെലോട്ട്, പ്രകാശ് ജാവദേക്കർ, പ്രഹ്ളാദ് ജോഷി എന്നിവർ അംഗങ്ങൾ.

സുരക്ഷാ കാര്യ ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ അംഗങ്ങൾ. 

നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‍കരി, നിർ‍മലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ. 

തൊഴിൽ, മാനവവിഭവശേഷി വികസനം എന്ന മന്ത്രിസഭാ ഉപസമിതി പുതുതായി രൂപീകരിച്ചതാണ്. ഇതിന്‍റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. അംഗങ്ങൾ: രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, പിയൂഷ് ഗോയൽ, രമേശ് പൊഖ്‍റിയൽ നിശാങ്ക്, ധർമേന്ദ്രപ്രധാൻ, മഹേന്ദ്രസിംഗ് പാണ്ഡേ, സന്തോഷ് ഗാംഗ്‍വർ, ഹർദീപ് സിംഗ് പുരി എന്നിവർ അംഗങ്ങൾ. ഈ സമിതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രത്യേക ക്ഷണിതാക്കളിലൊരാളാണ്. 

നിയമനകാര്യസമിതി: രണ്ട് പേർ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

രാഷ്ട്രീയകാര്യസമിതി: ഒരു സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് സഖ്യകക്ഷികളടങ്ങിയ രാഷ്ട്രീയകാര്യസമിതിയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ കാലത്തും പിന്നീട് യുപിഎ സർക്കാരിന്‍റെ കാലത്തും രാഷ്ട്രീയകാര്യസമിതിക്ക് വലിയ പ്രധാന്യമുണ്ടായിരുന്നു. സഖ്യകക്ഷികൾക്ക് സർക്കാരിന്‍റെ നയങ്ങളിൽ സ്വാധീനം ചെലുത്താൻ ഈ സമിതിയിലെ ചർച്ചകളിലൂടെ കഴിഞ്ഞു. എന്നാലിപ്പോൾ കൃത്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള മോദി സർക്കാരിന്‍റെ കാലത്ത് ഈ സമിതിയ്ക്ക് വലിയ പ്രാധാന്യമില്ല. എല്ലാം തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയും തന്നെയാകും. 

ഇതിലെ അംഗങ്ങൾ: നരേന്ദ്രമോദി (അധ്യക്ഷൻ), അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, രാംവിലാസ് പസ്വാൻ (എൽജെപി), നരേന്ദ്രസിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ (അകാലിദൾ), ഹർഷവർധൻ, അരവിന്ദ് ഗൺപത് സാവന്ത് (ശിവസേന), പ്രഹ്ളാദ് ജോഷി എന്നിവർ. 

 

Follow Us:
Download App:
  • android
  • ios