ദില്ലി: കൊവിഡ് 19 ബാധ വെല്ലുവിളി ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജനങ്ങൾക്ക് ബോധവത്കരണം നൽകാനുള്ള പ്രവർത്തനങ്ങളിലാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. കഴിഞ്ഞ ദിവസം ബം​ഗളൂരുവിലും ഉത്തർപ്രദേശിലും പൊലീസ് ഉദ്യോ​ഗസ്ഥർ പാട്ട് പാടി നിരത്തിലിറങ്ങിയിരുന്നു. എല്ലാവർക്കും പാട്ടിലൂടെ പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. ഇത്തവണ ആമിർഖാന്റെ സിനിമയായ ല​ഗാനിലെ ബാർ, ബാർ ഹേ, ബോലോ യാർ ഹാൻ എന്ന പാട്ടുമായിട്ടാണ് പൂനയിലെ ദന്തേവാഡി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രമോദ് കലാംകർ എത്തിയരിക്കുന്നത്. ഈ പാട്ടിന്റെ അതേ ട്യൂണിൽ, ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇദ്ദേഹം.

സോഷ്യൽ മീഡിയ കയ്യടികളോടെയാണ് പൊലീസുകാരന്റെ പാട്ട് ഏറ്റെടുത്തിട്ടുള്ളത്. കലാംകറിന്റെ സഹപ്രവർത്തകർ കൈയ്യടിക്കുന്നതും പ്ലക്കാർഡുകൾ കൈവശം വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. 'ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് കർശനമായി ആവശ്യപ്പെട്ടിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാർക്ക് അവബോധം നൽകേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടിയാണ് കലാംകാർ വരികളെഴുതി പൊലീസ് സ്റ്റേഷന്റെ അധികാര പരിധികളിൽ പാടുന്നത്.' മുതിർന്ന ഇൻസ്പെക്ടർ ദേവിദാസ് ഗെവെയർ പറഞ്ഞു.