Asianet News MalayalamAsianet News Malayalam

സഖ്യം തുടരുമെന്ന് അമിത് ഷായും ഒപിഎസ്സും, നിർണായക രാഷ്ട്രീയ നീക്കങ്ങൾ കാത്ത് തമിഴകം

2014 മുതൽ പരമാവധി എതിർപാർട്ടികളിൽ നിന്ന്, ചെറുതോ വലുതോ ആയ സ്ഥാനാർത്ഥികളെ ഒപ്പം നിർത്താൻ ശക്തമായ ചരടുവലി നടത്തുകയാണ് ബിജെപി. ജയലളിതയുടെ മരണശേഷം തമ്മിലടിച്ച് നാമാവശേഷമാകുമായിരുന്ന അണ്ണാഡിഎംകെയെ ഒപ്പം നിർത്തി ഭരണകാലം പൂർത്തിയാക്കുമ്പോൾ വീണ്ടും അമിത് ഷാ ചെന്നൈയിലെത്തുന്നു.

ahead of state polls amit shah in chennai what are his plans explained
Author
Chennai, First Published Nov 21, 2020, 6:56 PM IST

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും. എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ടുതന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്നും ഒപിഎസ്സ് വ്യക്തമാക്കുന്നു. തമിഴ്നാട് സർക്കാർ പുതുതായി തുടങ്ങാനിരിക്കുന്ന 67,000 കോടി രൂപയുടെ വൻവികസന പദ്ധതികൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം ഇതാദ്യമായാണ് അമിത് ഷാ തമിഴ്നാട്ടിലെത്തുന്നത്. വരാനിരിക്കുന്ന മെയ് മാസത്തിൽ തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 

എംജിആറിനെയും ജയലളിതയെയും വാനോളം വാഴ്ത്തിയായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇരുവരും നടത്തിയ വികസനപ്രവർത്തനങ്ങളാണ് തമിഴ്നാടിനെ തമിഴ്നാടാക്കിയതെന്നും, മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നു ഓരോന്നുമെന്നും അമിത് ഷാ പറഞ്ഞു. എംജിആർ മഹാനായ നേതാവാണ്. ജയലളിത എക്കാലത്തെയും സമർത്ഥയായ രാഷ്ട്രതന്ത്രജ്ഞയാണ്. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യം ഭരണത്തുടർച്ച നേടും - ഷാ പറഞ്ഞു. 

അതേസമയം, ഡിഎംകെയെ ഷാ കടന്നാക്രമിക്കുകയും ചെയ്തു. സഖ്യകക്ഷിയായ കോൺഗ്രസിനെതിരെയും രൂക്ഷവിമർശനമുയർത്തി. ടുജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ ഷാ എടുത്തുപറഞ്ഞു. കോടികളുടെ അഴിമതിക്കഥകൾ മാത്രമാണ് ഡിഎംകെയ്ക്ക് പറയാനുള്ളതെന്ന് ഷാ. 

അമിത് ഷായുടെ പദ്ധതികളെന്ത്?

പ്രധാനമായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ തന്നെയാണ് അമിത് ഷാ ചെന്നൈയിലെത്തിയിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കരുണാനിധിയുടെ മൂത്തമകൻ അഴഗിരി മുതൽ സൂപ്പർതാരം രജനീകാന്ത് വരെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഷാ നീക്കം നടത്തുന്നത്. അഴഗിരിയുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നുറപ്പുണ്ടെങ്കിലും രജനീകാന്ത് കൂടിക്കാഴ്ചയ്ക്ക് സമയം നൽകുമോ എന്നത് വ്യക്തമല്ല. ഖുശ്ബുവിനെ പാർട്ടിയിലെത്തിക്കാനായത്, തെരഞ്ഞെടുപ്പടുക്കാറായപ്പോഴേക്ക്, ശ്രദ്ധേയമായ മുഖങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് മികച്ച നേട്ടം തന്നെയാണ്. മിക്ക മുന്നണികളിലെയും അസംതൃപ്തരെയാണ് ബിജെപി ഒപ്പം നിർത്തുന്നത്. ഈയിടെ സംസ്ഥാനബിജെപിയിലെ നേതൃമാറ്റം ഇതിന് സഹായകമായിട്ടുമുണ്ട്. 

2014 മുതൽ പരമാവധി എതിർപാർട്ടികളിൽ നിന്ന്, ചെറുതോ വലുതോ ആയ സ്ഥാനാർത്ഥികളെ ഒപ്പം നിർത്താൻ ശക്തമായ ചരടുവലി നടത്തുകയാണ് ബിജെപി. ജയലളിതയുടെ മരണശേഷം തമ്മിലടിച്ച് നാമാവശേഷമാകുമായിരുന്ന അണ്ണാഡിഎംകെയെ ഒപ്പം നിർത്തി ഭരണകാലം പൂർത്തിയാക്കുമ്പോൾ വീണ്ടും അമിത് ഷാ ചെന്നൈയിലെത്തുന്നത് ശ്രദ്ധേയമാണ്. 

തീർത്തും പ്രാദേശിക രാഷ്ട്രീയവികാരം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയമായ തമിഴ്നാട്ടിൽ ''ദേശീയത'' എന്ന വികാരം ആളിക്കത്തിക്കാനാകുമോ എന്നാണ് അമിത് ഷാ ഉറ്റുനോക്കുന്നത്. നഗരകേന്ദ്രീകൃതമായ, സവർണസമുദായങ്ങൾക്കിടയിലോ, സാമ്പത്തികഭദ്രതയുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഇടയിലോ മാത്രമേ ഈ തുറുപ്പുചീട്ട് ഫലം കാണൂ എന്ന് അമിത് ഷായ്ക്ക് അറിയാം. എന്നാൽ തീർത്തും സാധാരണക്കാരായ തമിഴ്ജനത ഇപ്പോഴും ദ്രാവിഡപാർട്ടികളുടെ ആശയധാരയ്ക്ക് ഒപ്പം നിൽക്കുന്നവരാണ്. അത് തന്നെയാണ് തമിഴ്നാട്ടിൽ ബിജെപിയുടെ അധികാരത്തിലേക്കുള്ള നടന്നുകയറ്റത്തിന് തടസ്സം നിൽക്കുന്നതും. 

ബിജെപി വളരുമോ തമിഴകത്ത്?

2016 ഡിസംബറിലാണ് അണ്ണാഡിഎംകെയുടെ നെടുംതൂണായ മുഖ്യമന്ത്രി ജയലളിത അന്തരിക്കുന്നത്. അതിന് ശേഷം ഉണ്ടായ അണ്ണാഡിഎംകെയിലെ പിളർപ്പിനും, പാർട്ടിയിലെത്തന്നെ വിവിധ ഉന്നതനേതാക്കളുടെയും വ്യവസായികളുടെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും റെയ്ഡുകൾക്കും, ജയലളിതയുടെ തോഴി ശശികലയുടെയും കുടുംബത്തിന്‍റെയും പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിനും പിന്നിൽ ബിജെപിയുടെ ചരടുവലിയുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. 

ഇതിന് പിന്നാലെ ഒപിഎസ്സും ഇപിഎസ്സും ഒന്നായി, ബിജെപിയുമായി സഖ്യത്തിന് ഒട്ടും മടികാണിച്ചില്ല. അധികാരം നിലനിർത്താൻ വേറെ വഴിയില്ലായിരുന്നുവെന്നതാണ് സഖ്യം. ഇതിനെല്ലാം കടുത്ത വില നൽകേണ്ടി വന്നു അണ്ണാ ഡിഎംകെയ്ക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 39-ൽ 38 സീറ്റിലും പാർട്ടി തോറ്റു. 

അതേസമയം, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ടിടിവി ദിനകരനൊപ്പം പോയതിന് പുറത്താക്കപ്പെട്ട 22 എംഎൽഎമാരുടെ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുടെ പ്രകടനം മോശമായിരുന്നില്ല. തൽക്കാലം നിയമസഭയിൽ ഭൂരിപക്ഷം നിലനിർത്താനുള്ള എണ്ണം അന്ന് പാർട്ടിക്ക് കിട്ടി. അതിനാൽ സർക്കാർ താഴെ വീണില്ല. 

അപ്പോഴും പാർട്ടിക്കുള്ളിൽ വൻ അധികാരത്തർക്കമാണ് നടക്കുന്നത്. അധികാരത്തിന് വേണ്ടി ഇപിഎസ്സും ഇപിഎസ്സും തമ്മിൽ ശീതസമരമുണ്ട്. മുന്നണിക്കുള്ളിൽത്തന്നെ അഭിപ്രായഭിന്നതയുണ്ട്. സ്വാധീനം കൂട്ടാനായി ബിജെപി സംസ്ഥാനത്തെമ്പാടും നടത്താൻ തീരുമാനിച്ച വേൽയാത്രയ്ക്ക് അനുമതി നിഷേധിച്ചത് അണ്ണാ ഡിഎംകെ സർക്കാർ തന്നെയാണ്. ഹിന്ദുദൈവമായ മുരുഗന്‍റെ ചിത്രങ്ങളുമായി ആഘോഷപൂർവം നടത്താനിരുന്ന ഓരോ പരിപാടിയുടെയും വേദിയിൽ വച്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

താഴേത്തട്ടിൽ ബിജെപിയുടെ സ്വാധീനം എത്ര വളർന്നുവെന്നത് ചോദ്യമാണെങ്കിലും, മാധ്യമങ്ങളിൽ പ്രകടമായ സാന്നിധ്യമാകാൻ ബിജെപിക്ക് കഴിയുന്നുണ്ട്. മിക്ക വിവാദങ്ങളുടെയും തുടക്കം ബിജെപിയിൽ നിന്നായിരുന്നു. അതിൽ പലതും വർഗീയനിറമുള്ളതുമായിരുന്നു. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. അത് തന്നെ ബിജെപിയുടെ വൻ നേട്ടമാകും. സഖ്യത്തിൽ സീറ്റ് വീതം വയ്ക്കുമ്പോൾ എത്ര സീറ്റ് വീതം ബിജെപിക്ക് കിട്ടുമെന്നതും നിർണായകമാണ്. 

Follow Us:
Download App:
  • android
  • ios