ഭക്ഷണത്തിൽ നിന്ന് എട്ടുകാലിയെ വരെ കണ്ടെത്തിയ സംഭവമുണ്ടായെന്നാണ് പരാതി. 

തൃശൂര്‍: കുന്നംകുളം നഗരത്തിലെ ഹോട്ടലുകൾക്കെതിരെ പരാതി. ഭക്ഷണത്തിൽ നിന്ന് എട്ടുകാലിയെ വരെ കണ്ടെത്തിയ സംഭവമുണ്ടായെന്നാണ് പരാതി. പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ആരോപണം ഉയരുന്നുണ്ട്. കുന്നംകുളം നഗരത്തില്‍ ഒരു ഹോട്ടലിൽ മസാല ദോശ ഓഡര്‍ ചെയ്തപ്പോഴാമ് എട്ടുകാലിയുള്ള ദോശ ലഭിച്ചത്. ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടലിലായിരുന്നു സംഭവം. യുവതി മസാല ദോശ ചോദിച്ചപ്പോള്‍ കൊണ്ടുവന്ന ദോശയിൽ എട്ടുകാലിയെ കണ്ടെത്തി. ഓര്‍ഡര്‍ നല്‍കി ലഭിച്ച മസാല ദോശ കഴിക്കുന്നിതിടെയാണ് മസാലക്കൊപ്പം ചത്ത എട്ടുകാലിയെ കണ്ടത്.

യുവതി വെയിറ്ററെ വിളിച്ച് സംഭവം പറയുകയും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വെയിറ്റര്‍ ഒന്നും സംഭവിക്കാത്തതുപോലെ വെയ്സ്റ്റ് ബിന്നിലേക്ക് ഉപേക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ കുന്നംകുളം മരത്തംകോട് സ്വദേശിനിയായ യുവതി സംഭവം നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, പി.പി. വിഷ്ണു എന്നിവര്‍ പരാതിക്കാരിയുമായി സംസാരിക്കുകയും സ്ഥാപനം പരിശോധിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭാരത് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ആഹാരം പാകം ചെയ്യുന്നതെന്നും ബോധ്യപ്പെട്ടതിനാല്‍ ഹോട്ടല്‍ അടച്ചിടാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം നോട്ടീസും നല്‍കി. ന്യൂനതകള്‍ പരിഹരിച്ച് രേഖാമൂലം നഗരസഭ ഓഫീസില്‍ അറിയിച്ച് ആരോഗ്യവിഭാഗം പരിശോധന നടത്തിയതിനു ശേഷമേ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ അറിയിച്ചു.

കുന്നംകുളം ഇട്ടിമാണി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഇതേ ഹോട്ടൽ മാനേജ്‌മെന്റിന്റെ കാന്റീനിലും പരിശോധനകള്‍ നടത്തി ന്യൂനതകള്‍ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിനെതിരെയും നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. നഗരത്തിലെ ഭക്ഷണശാലകള്‍ സംബന്ധിച്ചുള്ള പരാതികള്‍ 7012965760 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമായി അയയ്ക്കാവുന്നതാണെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

കൂടുതൽ വിറ്റ ബ്രാൻഡുകളുടെ കമ്മീഷൻ, അപേക്ഷകൾ നിസാരണ കാരണത്തിൽ തള്ളുന്നു, എക്സൈസ് ഓഫീസ് പരിശോധനയിൽ ക്രമക്കേടുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം