ബിസിനസ് ക്ലാസിലെ ദുരിത യാത്ര, തെലങ്കാന ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിയ്ക്ക് നിർദേശം
ഇല്ട്രോണിക് സംവിധാനത്തിലെ പിഴവ് മൂലം സീറ്റ് കൃത്യമായി ചായ്ക്കാനോ നിവർത്താനോ സാധിക്കാത്ത അവസ്ഥയിൽ ബഹുദൂരം സഞ്ചരിക്കേണ്ടി വന്നുവെന്നാണ് ഡിജിപി പരാതിയിൽ വിശദമാക്കുന്നത്
ഹൈദരബാദ്: ഇളകിയതും കൃത്യമായി പ്രവർത്തിക്കാത്തതുമായ സീറ്റിലിരുന്ന് വിമാനത്തിൽ ദുരിത യാത്ര നടത്തേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് നിർദ്ദേശം. ഹൈദരബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് തെലങ്കാന ഡിജിപി രവി ഗുപ്തയ്ക്ക് നഷ്ട പരിഹാരം നൽകാൻ സിംഗപ്പൂർ എയർലൈനിനോട് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സിംഗപ്പൂർ വഴി ഓസ്ട്രേലിയ വരെ നടത്തിയ യാത്രയിലാണ് ഡിജിപിക്ക് ദുരിതം സമ്മാനിച്ചത്. ഭാര്യ അഞ്ജലി ഗുപ്തയ്ക്ക് ഒപ്പമായിരുന്നു രവി ഗുപ്ത സഞ്ചരിച്ചത്.
റെക്ലൈനർ സീറ്റ് പ്രവർത്തിക്കാത്ത അവസ്ഥയാണ് ഡിജിപിക്ക് ബിസിനസ് ക്ലാസിൽ നേരിട്ടത്. ഇല്ട്രോണിക് സംവിധാനത്തിലെ പിഴവ് മൂലം സീറ്റ് കൃത്യമായി ചായ്ക്കാനോ നിവർത്താനോ സാധിക്കാത്ത അവസ്ഥയിൽ ബഹുദൂരം സഞ്ചരിക്കേണ്ടി വന്നുവെന്നാണ് ഡിജിപി പരാതിയിൽ വിശദമാക്കുന്നത്. ഓരോ ടിക്കറ്റിനും 66750 രൂപയിലേറെ ചിലവിട്ടും വിമാനക്കമ്പനിയിൽ നിന്ന് മോശം അനുഭവം ഉണ്ടായത് വ്യക്തമാക്കുന്നതായിരുന്നു ഡിജിപിയുടെ പരാതി. എക്കണോമി സീറ്റിന് 48750 രൂപയായിരുന്നു ചാർജ്. സീറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് മൂലം രാത്രി ഉറങ്ങാൻ പോലുമാവാത്ത സാഹചര്യം നേരിടേണ്ടി വന്നുവെന്നും ഡിജിപി പരാതിയിൽ പറയുന്നു.
പരാതിപ്പെട്ടതോടെ 10000 രൂപ നഷ്ടപരിഹാരമായി നൽകാമെന്നാണ് വിമാനക്കമ്പനി ആദ്യം പറഞ്ഞച്. ഇത് ഡിജിപി നിരസിക്കുകയായിരുന്നു. പിന്നാലെയാണ് ഡിജിപി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ടിക്കറ്റ് തുകയും നഷ്ടപരിഹാരവും ചേർത്താണ് 2 ലക്ഷം രൂപ നൽകണമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം