ദില്ലി: ആനംസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. കേന്ദ്രസർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് ആനംസ്റ്റി ഇൻ്റർനാഷണൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ആനംസ്റ്റി ഇൻ്റർനാഷണലിൻ്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്തംബ‍ർ പത്തോടെ കേന്ദ്രസ‍ർക്കാർ റദ്ദാക്കി. കഴിഞ്ഞ രണ്ട് വ‍ർഷമായി തുട‍ർച്ചയായി അടിച്ചമ‍ർത്തൽ നേരിടുകയാണ്. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് തുട‍ർച്ചയായി വേട്ടയാടുന്നു. കേന്ദ്രസർക്കാരിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആനംസ്റ്റി ഇൻ്റ‍ർനാഷണൽ ഇന്ത്യ വിഭാ​ഗം എക്സിക്യൂട്ടീവ് ഡയറക്ട‍ർ അവിനാശ് കുമാ‍ർ വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ 8 വർഷത്തിനിടെ നാൽപ്പത് ലക്ഷം ആളുകൾ ആനംസ്റ്റി ഇൻ്റ‍ർനാഷണലിൻ്റെ പ്രവർത്തനങ്ങളെ പിന്തുണച്ചു. 1 ലക്ഷം പേർ തങ്ങളെ സാമ്പത്തികമായും സഹായിച്ചു. തങ്ങൾ സംഭവന സ്വീകരിച്ചത് 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൻ്റെ ലംഘനമാണെന്നാണ് കേന്ദ്രം വാദിക്കുന്നത്.  നിയമവിധേയമായ ധനസമാഹരണം പോലും കള്ളപ്പണം വെളുപ്പിക്കലായാണ് കേന്ദ്രസ‍ർക്കാർ ആരോപിക്കുന്നതെന്നും വാർത്താ കുറിപ്പിൽ ആനംസ്റ്റി ഇൻ്റ‍ർനാഷണൽ ആരോപിക്കുന്നു.