Asianet News MalayalamAsianet News Malayalam

'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു.

Husband Has No Control Over Wife's Streedhan, Says Supreme Court
Author
First Published Apr 26, 2024, 12:26 AM IST

ദില്ലി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. 

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു. 2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയിൽ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു.  വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയായ യുവതിക്കായി അഭിഭാഷകരായ വി. ഹരികുമാർ, അനുപമ മിശ്ര എന്നിവർ ഹാജരായി. പത്തനംതിട്ട സ്വദേശിയായ ഭർത്താവിനായി അഭിഭാഷകരായ ബോബി ആഗസ്റ്റിൻ, ശ്രീറാം പാറക്കാട്ട്, വിഷ്ണി ശങ്കർ ചിതറ, ആതിര.ജി.നായർ എന്നിവരും ഹാജരായി.

 

 

 

Follow Us:
Download App:
  • android
  • ios