ദില്ലി: കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേസമയംചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം.കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത് എന്നാണ് വിവരം.

സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതുസ്ഥിതി കണക്കിലെടുത്ത്രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം.ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന.

ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ മേഖലകള്‍ക്ക് ഇളവ് നല്‍കുന്ന തീരുമാനം നടപ്പാക്കാമെന്നും കേരളം നിലപാടെടുത്തു.സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഇടപെടലാണ് പ്രധാനമന്ത്രി യോഗത്തില്‍ നടത്തിയത്.

എന്തെങ്കിലും അടിയന്തരമായ വിഷയമുണ്ടെങ്കില്‍ ഫോണ്‍ മുഖേന തന്നെ വിളിക്കാമെന്ന് മുഖ്യമന്ത്രിമാരോട് മോദി പറഞ്ഞു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും താന്‍ ഉണ്ടാകും. എപ്പോള്‍ വേണമെങ്കിലും വിളിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19 മൂലം ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.