Asianet News MalayalamAsianet News Malayalam

അയോധ്യ ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതിയിൽ; മധ്യസ്ഥ സമിതി റിപ്പോർട്ട് കൈമാറി

കഴിഞ്ഞ രണ്ട് മാസമായി അലഹാബാദ് കേന്ദ്രീകരിച്ച് ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാർച്ച് മാസം എട്ടാം തീയതിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്.

ayodhya case in supreme court again
Author
Delhi, First Published May 9, 2019, 7:11 PM IST

ദില്ലി: അയോദ്ധ്യ ഭൂമിതർക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോർട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി അലഹാബാദ് കേന്ദ്രീകരിച്ച് ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മാർച്ച് മാസം എട്ടാം തീയതിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നായിരുന്നു നിബന്ധന. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരുന്നു അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

അയോധ്യക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂര്‍വ്വമായ മധ്യസ്ഥ ചര്‍ച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. 

നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത് ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടായിരുന്നു കോടതിയെ അറിയിച്ചത്. 

നേരത്തെ വാജ് പേയ് സര്‍ക്കാരിന്‍റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.
കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്പേയ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios