ദില്ലി: കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സിൻ നിർമ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാൻ വാക്സിനാകും. കമ്പനിക്ക് മരുന്ന് നിർമ്മാണത്തിൽ പരിചയ സമ്പത്തില്ലെന്ന വാദം തെറ്റാണ്. 16 വാക്സിനുകൾ  ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. ഒരു പരീക്ഷണ രേഖയും മറച്ച് വെച്ചിട്ടില്ല. ശാസ്ത്രഞ്ജരെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഇത്തരം കുറ്റപ്പെടുത്തൽ അല്ല കമ്പനി അർഹിക്കുന്നതെന്നും ഭാരത് ബയോടെക്കിന്‍റെ വിശദീകരണം. തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ഭാരത് ബയോടെക്ക് ആഗോള കമ്പനിയാണെന്നും എംഡി പറഞ്ഞു. 

അതേസമയം കൊവിഷീൽഡ് വാക്സിൻ ഈ ആഴ്ച്ച തന്നെ ലഭ്യമാക്കാൻ  തിരിക്കിട്ട നീക്കത്തിലാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. അടിയന്തരമായി ഒരു കോടി വാക്സിൻ ഡോസുകളാണ് കേന്ദ്രം സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാക്സിൻ  വിതരണം ഉടനെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്നുമുതലെന്ന് വ്യക്തമാക്കിയില്ല. വാക്സിൻ വികസനത്തിന് ശാസ്ത്ര സമൂഹത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.