ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടിയ ആരോഗ്യസേതു ആപ്പ് നിർമിച്ചത് ആരാണെന്ന് വിവരാവകാശ നിയമ പ്രകാരം നൽകിയ ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രസർക്കാർ. ആപ്പ് നിർമിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്ന് വിവരാവാകാശ കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിലുള്ളത്. എന്നാൽ ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്നാണ് ചോദ്യത്തിന് ഇവരുടെ മറുപടി.

തുടർന്ന് വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തപ്പെട്ട അധികാരികൾ അത് നിരസിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കമ്മീഷൻ വിമർശിച്ചു. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24 ന് കമ്മീഷന് മുന്നിൽ ഹാജരാകണമെന്നും വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.