Asianet News MalayalamAsianet News Malayalam

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വച്ചു

സംസ്ഥാനസർക്കാരിന്‍റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. 

chavara kuttanad by elections cancelled
Author
New Delhi, First Published Sep 29, 2020, 1:14 PM IST

ദില്ലി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു. സംസ്ഥാനസർക്കാരിന്‍റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. 

ബിഹാർ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് നിലവിൽ നിലനിൽക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകൾ തൽക്കാലം വേണ്ടെന്ന തീരുമാനമെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിരുന്നു. 

ഇപ്പോൾ ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂ. അടുത്ത വർഷം ഏപ്രിലോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനാൽ ഇപ്പോൾ തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്നും, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. 

സംസ്ഥാനത്തെ കൂടുന്ന കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരിനും ഈ തീരുമാനം ആശ്വാസമാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കുകയും തീരുമാനമാകുകയും ചെയ്തെങ്കിലും പ്രതിപക്ഷവും സർക്കാരും ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിൽത്തന്നെയായിരുന്നു. 

ആറ് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ചു.

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios