ഇന്‍ഡോര്‍: കംപ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നംദിയോ ത്യാഗി അറസ്റ്റില്‍. ത്യാഗിയെയും ആറ് കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഇയാളെ കരുതല്‍ തടങ്കലിലാക്കിയത്. 

ആശ്രമത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിന് തടസ്സം നിന്നതോടെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഞായറാഴ്ച കെട്ടിടം പൊളിച്ചുനീക്കി. 

ആശ്രമത്തോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് അനധികൃത കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ത്യാഗിയുടെ ആശ്രമം. ഇതിന് 80 കോടിയോളം രൂപ വിലമതിക്കും. 

സര്‍ക്കാര്‍ 2000 രൂപ പിഴ ചുമത്തുകയും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയില്‍ ആയിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്.