ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന കാര്യം അദ്ദേഹം അറിയിച്ചത്. ഹോം ക്വാറന്റീനിലാണ് അദ്ദേഹമിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. 

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിംഗ്വി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിംഗ്വിയുടെ രോഗം ഭേദമായിരുന്നു, ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.