ദില്ലി: നിസാമുദ്ദീൻ മർക്കസ് മന്ദിരത്തിൽ നിന്നും തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ദില്ലി പൊലീസ് മാർച്ച് 23-ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്ത്. ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യത്തിൽ ഇവർക്ക് ദില്ലി പൊലീസ് നേരിട്ട് നോട്ടീസ് കൈമാറുന്നതും വ്യക്തമാണ്. തൊട്ടടുത്തുള്ള നിസാമുദ്ദീൻ സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ളവർ അധികൃതരെ വിളിച്ച് വരുത്തി ഉടനടി ഇവിടെ എത്ര പേർ നിലവിലുണ്ട് എന്ന് തിരക്കുന്നതിന്‍റെയും ഇവരെ അടിയന്തരമായി മാറ്റണമെന്ന് നിർദേശിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ജനതാ കർഫ്യൂവിന്‍റെ തലേന്നും, മർക്കസ് മന്ദിരത്തിൽ ആയിരക്കണക്കിന് പേർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. മാർച്ച് രണ്ടാം വാരം മുതൽക്ക് തന്നെ പല മതസ്ഥാപനങ്ങളിലും ആളുകളെ കൂട്ടി പരിപാടികൾ നടത്തുന്നത് റദ്ദാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മാർച്ച് മൂന്നാം വാരവും ഇവിടെ ആളുകളെ കൂട്ടത്തോടെ പാർപ്പിച്ച മർക്കസ് അധികൃതരുടെ നടപടി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്ത് നിന്നും വിദേശത്ത് നിന്നും പതിനായിരക്കണക്കിന് പേർ വന്ന് പോകുന്ന മതസ്ഥാപനമെന്ന നിലയിൽ മർക്കസ് എന്തുകൊണ്ട് ഈ പരിപാടി റദ്ദാക്കിയില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, ദില്ലി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച വന്നുവെന്നും വിലയിരുത്തലുണ്ട്. മാർച്ച് രണ്ടാം വാരം മുതൽക്ക് തന്നെ ദില്ലിയിൽ ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. വിദേശത്ത് നിന്ന് ആളുകളെത്തിയ സ്ഥലങ്ങൾ പലതും പല സംസ്ഥാനങ്ങളും കണ്ടെത്തി നടപടികളെടുത്ത് തുടങ്ങിയിരുന്നു. മർക്കസിൽ ഇത്രയധികം ആളുകൾ കൂട്ടം കൂടുന്നു എന്ന് അറിയാമായിരുന്ന ദില്ലി പൊലീസ് എന്തുകൊണ്ട് ജനതാ കർഫ്യൂ കഴിയുന്ന സമയം വരെ കാത്തിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. 

മാർച്ച് 20-ന് തന്നെ ഇന്തോനേഷ്യയിൽ നിന്ന് എത്തിയ 10 പേർക്ക് ഇവിടെ വച്ച് തന്നെ കൊവിഡ് സ്ഥിരീകരിച്ചതാണ്. ഇവിടെ അപ്പോൾ താമസിച്ചിരുന്നത് 1200 പേരാണ്. നേരത്തേ പലരെയും വിമാനത്താവളത്തിലേക്ക് കൊണ്ടുചെന്നാക്കി എന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദായതോടെ ഇവരെല്ലാം തിരികെ വന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇതേ കെട്ടിടത്തിൽ ഏതാണ്ട് 2000 പേരുണ്ടായിരുന്നു എന്നാണ് കണക്ക്. 

സാമൂഹ്യാകലം പാലിക്കണമെന്ന എല്ലാ ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് നൂറുകണക്കിന് പേരാണ് ഈ പള്ളി സമുച്ചയത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്നത്. ഇവിടെ ആറ് നിലകളിലായി ഡോർമിറ്ററികളിലുണ്ട്. മാർച്ച് 21-ന്, അതായത് ജനതാ കർഫ്യൂവിന് തൊട്ടുമുമ്പ് ഇവിടെ 1746 പേരുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇതിൽ 216 പേർ വിദേശികളായിരുന്നു.

രോഗബാധ ഇങ്ങനെ ഗുരുതരമായി പടരുമ്പോൾ മർക്കസ് അധികൃതർ എന്തിന് ആളുകളെ വിളിച്ച് കൂട്ടി പരിപാടി നടത്തിയെന്നും, അതിനെതിരെ അപ്പോൾത്തന്നെ ദില്ലി പൊലീസ് നടപടിയെടുക്കാതിരുന്നത് എന്തെന്നുമുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ ഇരുഭാഗത്തിനും ഇതിൽ ഗുരുതരമായ വീഴ്ച വന്നെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

വീഡിയോ കാണാം:

 

ദില്ലി നിസാമുദ്ദീൻ സ്റ്റേഷനിൽ റെക്കോഡ് ചെയ്ത ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മർക്കസ് അധികൃതരോട് എസ്എച്ച്ഒ ആവശ്യപ്പെടുന്നത് ഇതാണ്. അടിയന്തരമായി ഇവിടെ താമസിപ്പിച്ച ആളുകളെ ഒഴിപ്പിക്കണം. എല്ലാ മതസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ഇനിയും ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കാനാകില്ല. 

എന്നാലതിന് മറുപടിയായി മർക്കസ് അധികൃതർ പറയുന്നത് ഇതാണ്: ഇന്നലെ ജനതാ കർഫ്യൂ ആയിരുന്നു. ഇതിന് തലേന്ന് തന്നെ തീവണ്ടികളെല്ലാം സർവീസ് നിർത്തിക്കഴിഞ്ഞു. ഇത്രയും പേരെ എങ്ങനെ തിരികെ അയക്കുമെന്ന് അറിയില്ല.

അപ്പോൾ, എത്ര പേർ അവിടെ നിലവിലുണ്ട് എന്ന് പൊലീസ് ചോദിക്കുന്നു. ആയിരത്തിലധികം പേരുണ്ടെന്ന് മർക്കസ് അധികൃതരുടെ മറുപടി. എങ്കിൽ ഇത്രയും പേരെ തിരികെ അയക്കാൻ എസ്ഡിഎമ്മുമായി സംസാരിച്ച് ബസ്സുകളോ മറ്റോ തയ്യാറാക്കുള്ള നടപടി സ്വീകരിക്കണമെന്ന് പൊലീസ്.

എസ്ഡിഎമ്മിന്‍റെ നമ്പറുണ്ടോ എന്ന് മർക്കസ് അധികൃതർ ചോദിക്കുമ്പോൾ പൊലീസ് അൽപം പരുഷമായിത്തന്നെയാണ് മറുപടി പറയുന്നത്. ഇത്ര വലിയ സ്ഥാപനം നടത്തുന്ന നിങ്ങൾക്ക് സ്ഥലത്തെ എസ്ഡിഎമ്മിന്‍റെ നമ്പർ പോലും അറിയില്ലേ എന്ന് പൊലീസ് എസ്എച്ച്ഒ ചോദിക്കുന്നു. നമ്പർ തരാമെന്നും, അടിയന്തരമായി നടപടിയെടുക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.

ഇതനുസരിച്ച് പിറ്റേന്ന് ഇവിടെ എസ്എച്ച്ഒ സന്ദർശനം നടത്തുകയും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്രയധികം വിദേശികൾ വന്ന് പോയ ഇടമുണ്ടായിരുന്നുവെന്ന് ദില്ലി പൊലീസ് അറിഞ്ഞില്ലെന്ന വാദത്തെ മർക്കസ് അധികൃതർ എതിർക്കുന്നത്. 

ഇന്ത്യയിൽ ഉടലെടുത്ത് നൂറിലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ച മുസ്ലിം വിഭാഗമാണ് തബ്‍ലീഖ് ജമാഅത്ത്. ലോകത്ത് എട്ട് കോടിയോളം ആളുകളാണ് തബ്‍ലീഖ് ജമാഅത്തിന്റെ ആശയങ്ങൾ പിന്തുടരുന്നത്. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‍ലൻഡ്, നേപ്പാൾ, മ്യാൻമർ, കിർഗിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള പുരോഹിതൻമാരും, അഫ്ഗാനിസ്ഥാൻ, അൾജീരിയ, ജിബൂത്തി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാൻസ്, കുവൈറ്റ് എന്നിവിടങ്ങളിടങ്ങളിൽ നിന്നുള്ള അനുയായികളും പരിപാടിയിൽ പങ്കെടുത്തെന്നാണ് വിവരം.