ദില്ലി: ഗർഭം അലസിപ്പിക്കൽ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികളിൽ കേന്ദ്രസർക്കാരിനോട് രാജ്യത്തെ പരമോന്നത കോടതി നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

സുരക്ഷിതമായി ഗർഭം അലസിപ്പിക്കുന്നതിനും, പ്രത്യുൽപ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെയും മറ്റ് വിഷയങ്ങളെയും ഉയർത്തിക്കാട്ടിയാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവൻ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഹർജികൾ സമർപ്പിച്ച സ്ത്രീകൾ പറയുന്നു.

ഗർഭം ധരിക്കണോ വേണ്ടേയെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് മൗലികമായ അവകാശമുണ്ടെന്ന് ഹർജികളിൽ സ്ത്രീകൾ വാദിക്കുന്നു. ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും വ്യക്തിയുടെ നിശ്ചയദാർഢ്യത്തെയും ബാധിക്കുന്ന പ്രശ്നമാണെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.