ഇസ്ലാമാബാദ്: ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാകിസ്ഥാനില്‍. ഇന്ത്യ വിസ നിഷേധിച്ച ശേഷം ദില്ലിയില്‍ നിന്ന് തിരിച്ച ഡെബ്ബി എബ്രഹാം നേരെ ദുബായ് വഴി പാകിസ്ഥാനിലേക്ക് പോയി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി. ഇന്ത്യ കൈകാര്യം ചെയ്ത പോലെ പാകിസ്ഥാന്‍ ഒരിക്കലും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഡെബ്ബി എബ്രഹാം ഇന്ത്യന്‍ സര്‍ക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. 

ഡെബ്ബി എബ്രഹാം പാക് അനുകൂലയാണെന്നും അവര്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന ഡെബ്ബി മുമ്പും നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാനുമായും ഐഎസ്ഐയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും സിങ്‍വി വ്യക്തമാക്കി.  വിഘടന വാദി നേതാവ് നജാബത് ഹുസൈന്‍ വഴിയാണ് ഡെബ്ബി എബ്രഹാം പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധപ്പെടുന്നതെന്ന് ഇന്ത്യന്‍ ഇന്‍റലിന്‍റ്സ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. 

ലേബര്‍ പാര്‍ട്ടി എംപി ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്. കശ്മീര്‍ തര്‍ക്കത്തില്‍ ബ്രിട്ടീൽ് പാര്‍ലമെന്‍റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍.  ദില്ലി വിമാനത്താവളത്തില്‍ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹര്‍പ്രീത് ഉപല്‍ വാര്‍ത്താഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. അംഗീകാരമുള്ള വിസയില്ലാത്തതിനാലാണ് ഇവരെ തടഞ്ഞതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ വിശദീകരണം. ദില്ലിയില്‍ നിന്ന് ദുബായിയിലേക്കാണ് ഇവരെ തിരിച്ചയച്ചത്.