വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്

കൊച്ചി: എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുട‍ര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കളമശേരിക്ക് അടുത്ത് മരം മുറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതാണ് കാരണമെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളമായി ഇതുവഴി തെക്കോട്ടും വടക്കോട്ടും പോകേണ്ട ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയാണ് ആദ്യം പിടിച്ചിട്ട ട്രെയിൻ. എറണാകുളത്ത് നിന്ന് മുന്നോട്ട് പോയ ട്രെയിൻ ട്രാക്കിൽ പുതുക്കലവട്ടം ഭാഗത്താണ് നി‍ര്‍ത്തിയത്. ഇടയ്ക്ക് ഇതിനകത്ത് വൈദ്യുതി ബന്ധവും നഷ്ടമായി. ഇതോടെ ചൂട് കാരണം യാത്രക്കാര്‍ ട്രാക്കിലിറങ്ങി നിന്നു. എന്നാൽ യാത്രക്കാര്‍ക്ക് ആര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനിടെ നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി - യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ വേറെയും ട്രെയിനുകളും എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

വൈദ്യുതി ബന്ധത്തിലുണ്ടായ തകരാ‍ര്‍ പരിഹരിക്കാൻ റെയിൽവെ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പുതുക്കലവട്ടത്ത് ട്രാക്കിൽ നിര്‍ത്തിയിട്ട തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് നീങ്ങി. നിലമ്പൂര്‍ - കോട്ടയം പാസഞ്ചര്‍ ട്രെയിൻ ഇതിനിടെ ആലുവ ഭാഗത്ത് നിന്ന് ഇടപള്ളി സ്റ്റേഷൻ കടന്ന് മുന്നോട്ട് പോയി. നാല് മണിക്കൂറിനിടെ മൂന്ന് ട്രെയിനുകൾ മാത്രമാണ് ആലുവ-എറണാകുളം റൂട്ടിൽ സ‍ര്‍വീസ് നടത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്