ചിത്രദുർഗ: കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) യുടെ ആളില്ലാ വിമാനം കർണാടകയിലെ ചിത്രദുർഗയിൽ തകർന്ന് വീണു. ഇന്ന് രാവിലെയാണ് സംഭവം. ആർക്കും പരിക്കില്ല.

ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ആളില്ലാ വിമാനം തകർന്ന് വീണത്. ഉയർന്ന ശബ്ദത്തോടെയാണ് ഡ്രോൺ നിലംപതിച്ചത്.  അപകട വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്.

ആളില്ലാ വിമാനം ഡിആർഡിഒ നേരത്തെ തന്നെ നിർമ്മിച്ചതാണ്. ഇതിൽ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആർഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു.