ദില്ലി: നാല്പതാം ദിവസവും സമരം തുടരുന്ന കർഷകർക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ദില്ലിയിലെ കാലാവസ്ഥ. എന്നാൽ ദിവസങ്ങൾ കൂടുന്തോറും കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരുന്ന കാഴ്ച്ചയാണ് അതിർത്തികളിൽ കാണുന്നത്. മഴ പെ്യതതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം. പക്ഷെ ഇതൊന്നും വകവെയ്ക്കാതെ കുടംബസമേതമാണ് ഇപ്പോൾ സമര വേദിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത്. സമരപ്പന്തലുകളിലെല്ലാം കുട്ടികളെ കാണാം. കൊടി പിടിച്ചും മുദ്യാവാക്യം വിളിച്ചും അവർ മുതിർന്നവർക്കൊപ്പം കൂടുന്നു.

തുടക്കത്തിൽ സ്ത്രീകൾ കുറവായിരുന്ന സമരവേദി ഇപ്പോൾ സ്ത്രീകൾ കീഴടക്കിയ നിലയിലേക്ക് മാറി. മുതിർന്ന സ്ത്രീകളാണ് സമരത്തിന് മുന്നിൽ ഉള്ളവരിൽ അധികവും. തണുപ്പ് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ, ഇപ്പോൾ മഴ നനഞ്ഞു കൊണ്ടാണ് സമരം തുടരുന്നത്. എന്നാൽ മഴയും കാറ്റും കനത്താലും നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.