Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ നിന്ന് അൽബേനിയ വഴി നൈജീരിയ; ബാങ്കുകളിൽ നിന്ന് ശതകോടികൾ തട്ടിച്ച് സന്ദേസറാ സഹോദരങ്ങൾ മുങ്ങിയതിങ്ങനെ

വ്യാജവായ്പകളിലൂടെ ഇവർ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ആകെ വെട്ടിച്ച തുക 5000 കോടി രൂപയാണ്

Gujarat to albania to nigeria, trail of sandesara brothers after cheating banks of millions in money laundering
Author
Delhi, First Published Jun 9, 2021, 5:13 PM IST


ചേട്ടൻ നിതിൻ സന്ദേസറാ, അനിയൻ ചേതൻ കുമാർ സന്ദേസറാ. ഇരുവരും ചേർന്ന് നടത്തുന്ന സ്റ്റെർലിങ് ബയോടെക് എന്ന സ്ഥാപനം ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വ്യാജവായ്പകളിലൂടെ ആകെ വെട്ടിച്ച തുക 5000 കോടി രൂപയാണ്. 2017 മുതൽ ഇന്ത്യ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ തിരയുന്ന ഈ സഹോദരന്മാർ അതിനു ശേഷവും അൽബേനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലായി സുഖവാസത്തിലാണ്. ഇവരെ തിരികെ നാട്ടിലെത്തിക്കാനും വിചാരണ ചെയ്യാനുമുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. നാടുവിട്ടോടിയ ശേഷവും ഇന്ത്യൻ പൊതുമേഖലാ സ്ഥപാലങ്ങൾക്ക് നൈജീരിയയിലെ തങ്ങളുടെ കമ്പനി വഴി ക്രൂഡ് ഓയിൽ വിറ്റുകാശുണ്ടാക്കിയിട്ടുണ്ട് ഇവർ. ഇവർ ഇന്നുവരെ നടത്തിയ തട്ടിപ്പുകളെപ്പറ്റി OCCRP വിശദമായ ഒരു അന്വേഷണാത്മക ലേഖനം തന്നെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 

തുടക്കം തേയിലയിലൂടെ

സന്ദേസറാ സഹോദരന്മാർ ചേതനും നിതിനും ആദ്യമായി തുടങ്ങിയ ബിസിനസ് സംരംഭം തേയില നിർമാണവും വിപണനവുമായിരുന്നു. അതിൽ നിന്നുണ്ടാക്കിയ പണം അവർ കുറേക്കൂടി ലാഭകരമായ ഒരു ബിസിനസിൽ നിക്ഷേപിക്കുന്നു. അത് ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വിപണിക്ക് അത്യാവശ്യമായ ഒരു അസംസ്‌കൃത വസ്തുവായിരുന്ന ജെലാറ്റിൻ ആയിരുന്നു. പിന്നീട് ഊർജം, നിർമാണം, ആരോഗ്യം തുടങ്ങിയ പല മേഖലകളിലേക്കും ബിസിനസ് വളർത്തിയ ഇവർ ചുരുങ്ങിയ കാലം കൊണ്ടുതന്നെ, 92 അന്താരാഷ്ട്ര കമ്പനികൾ അടക്കം 340 ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥരായ മാറുന്നു. വളർന്നു വളർന്ന് സന്ദേസറാ സഹോദരന്മാരുടെ ആകെ വിപണിമൂല്യം ഏഴു ബില്യൺ ഡോളർ കടക്കുന്നു. 

ബിസിനസ് സാമ്രാജ്യം വളർന്നതോടെ സന്ദേസറാ സഹോദരന്മാർ ഇന്ത്യൻ പത്രങ്ങളുടെ പേജ് 3 വാർത്തകളിൽ നിത്യ സാന്നിധ്യമായി മാറുന്നു. ബോളിവുഡ് താരങ്ങൾ അടക്കം പലരും അവരുടെ ലക്ഷ്വറി പാർട്ടികളിൽ സംബന്ധിക്കുന്നു. ഒരിക്കൽ, ഏതോ ഒരു പത്രം തങ്ങളുടെ ഫാമിലി ജെറ്റിന്റെ വില കുറച്ച് കാണിച്ചു കൊണ്ട് ലേഖനം പ്രസിദ്ധപ്പെടുത്തി എന്ന പേരിൽ ചേതൻ സന്ദേസറാ  പരാതി പോലും പറഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്.

സാമ്പത്തിക ക്രമക്കേടുകൾ 

പുറമേക്ക് സാമ്പത്തിക അഭിവൃദ്ധിയുടെ പരകോടിയിൽ എന്ന് തോന്നിച്ച ഇവരുടെ ബിസിനസ് പ്രശ്നങ്ങളിൽ പെട്ടുഴലുന്നത് 2017 -ൽ ഇവർക്ക് നേരെ സിബിഐ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ആക്ഷേപങ്ങൾ ഉന്നയിച്ച് അന്വേഷണം നടത്തിയപ്പോഴാണ്. സിബിഐക്കു ശേഷം എൻഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് സന്ദേസറാ സഹോദരന്മാരുടെ സ്റ്റെർലിങ് ബയോട്ടെക്ക് ഗ്രൂപ്പ് രാജ്യത്തെ ബാങ്കുകളിൽ നിന്നായി ആകെ 700  മില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തപ്പെടുന്നത്. ചേതൻകുമാറിന്റെ പത്നി ദീപ്തി ബെന്നും ഈ കേസിൽ പ്രതിയാണ് എന്നും ഇഡി കണ്ടെത്തുന്നുണ്ട്. 

2019 -ൽ അൽബേനിയയിൽ വെച്ച് തടയപ്പെടുമ്പോൾ ബാങ്കുകൾക്ക് കൊടുക്കാനുണ്ടായിരുന്ന തുക 1.1 ബില്യൺ ഡോളർ ആയി ഉയരുന്നു.  സ്റ്റെർലിങ് ഗ്രൂപ്പിന്റെ ജീവനക്കാരെ തന്നെ പുതിയ ഷെൽ കമ്പനികളുടെ ഡയറക്ടർമാർ ആയും ഓഹരി ഉടമകളുമായും ഓക്കേ കാണിച്ചു കൊണ്ടാണ് ഇക്കണ്ട ലോണൊക്കെ കമ്പനി നേടിയിട്ടുള്ളത്. സന്ദേസറാ സഹോദരന്മാർ തുടങ്ങിയ കമ്പനികളിൽ 339 -ൽ  311 എണ്ണവും ബിനാമി കമ്പനികളാണ് എന്ന് അദ്ദേഹത്തിന്റെ ഹേമന്ത് ഹാതി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

വിവിധ കമ്പനികളുടെ പേരിൽ ബാങ്കുകളിൽ നിന്ന് സംഘടിപ്പിച്ച വായ്പകളുടെ ഒരംശം സന്ദേസറാ സഹോദരന്മാർ ചെലവിട്ടത്  വിലയേറിയ വസ്തുവകകൾ വാങ്ങാനും ആഡംബര കാറുകൾ സ്വന്തമാക്കാനും ഒക്കെയാണ്. ഇതിൽ ഹൈഡ് പാർക്കിൽ ഉള്ള അഞ്ചു മില്യൺ ഡോളറിന്റെ പ്രോപ്പർട്ടി, നോർത്ത് ലണ്ടനിലെ പത്തേക്കർ പ്ലോട്ടിലുള്ള ഒരു മാളിക, ദുബായ് മറീനയിൽ രണ്ടു മില്യൺ ഡോളറിന്റെ ഒരു ഫ്ലാറ്റ് എന്നിങ്ങനെ പലതും ഉൾപ്പെടും. 

ഈ പണത്തിന്റെ സിംഹ ഭാഗവും അവർ ഇന്ത്യയിലെ തങ്ങൾക്കെതിരെ കേസുകൾ പൊട്ടിപ്പുറപ്പെട്ട സമയത്തു തന്നെ തങ്ങളുടെ നൈജീരിയൻ ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിൽ നിക്ഷേപിച്ചു. കേന്ദ്ര ഏജൻസികൾക്ക് പിടികൂടാനോ തടഞ്ഞു വെക്കാനോ കഴിയും മുമ്പ് സന്ദേസറാ സഹോദരന്മാർ നാടുവിട്ടോടിക്കളഞ്ഞു. 

ആദ്യ അഭയം അൽബേനിയ 

ഇന്ത്യ വിട്ട സന്ദേസറാ സഹോദരന്മാർക്ക് അധികം വൈകാതെ ഒരു അഭ്യുദയ കാംക്ഷിയെ കണ്ടുപിടിക്കാൻ സാധിച്ചു. അൽബേനിയയിലെ വിവാദ ബിസിനസ് വ്യക്തിത്വങ്ങളിൽ ഒരാളായ ജുൽജാൻ 'ലുൽ' മൊറീനാ.  ഇന്ത്യയിലെ പിടികിട്ടാപ്പുള്ളികൾ ആയിരുന്നിട്ടും,  അവർക്ക് മൊറീനയുമായുള്ള അടുപ്പത്തിന്റെ പുറത്ത്, ഇന്ത്യയിലെ നിന്ന് രക്ഷപ്പെട്ടെത്തിയ അവർക്ക് അൽബേനിയ അഭയം നൽകുന്നു.  അൽബേനിയയുടെ ടൂറിസം/നിർമാണ മേഖലയിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം നടത്തും എന്ന വാഗ്ദാനം ആണ് അന്ന് സന്ദേസറാ സഹോദരന്മാർക്ക് അൽബേനിയൻ പൗരത്വം തരപ്പെടുത്തിക്കൊടുത്തത്. അൽബേനിയയിൽ കഴിഞ്ഞ കാലത്തും ഇന്ത്യയിലെ നിന്ന് നിരവധി തവണ ഇവരെ വിട്ടുകിട്ടാനുള്ള അപേക്ഷകൾ ചെന്നിട്ടും അതിന്മേൽ അൽബേനിയൻ സർക്കാരിന്റെ ഭാഗത്തുനിന്നു തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. 

എന്നാൽ, ഇങ്ങനെ അൽബേനിയൻ പൗരത്വം കിട്ടുകയുണ്ടായി എങ്കിലും  ഒരു വർഷത്തിനുള്ളിൽ അവിടെയും സന്ദേസറാ സഹോദരന്മാർക്കും മൊറീനയ്ക്കും എതിരെ, അവർക്ക് അഭയം നേടിക്കൊടുക്കാൻ കാരണമായ ഈ നിക്ഷേപങ്ങളുടെ പേരിൽ തന്നെ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്നാരോപിച്ച് അന്വേഷണങ്ങൾക്ക് അൽബേനിയൻ പ്രോസിക്യൂഷൻ ഓഫീസ് ഉത്തരവാകുന്നു. ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. 

ഈ അന്വേഷണങ്ങൾ നടക്കുന്നതിനിടെ 2019 മാർച്ചിൽ ഒരു പ്രൈവറ്റ് ചാർട്ടേർഡ് ജെറ്റിൽ  സന്ദേസറാ സഹോദരന്മാർ, ചേതൻ  സന്ദേസറയുടെ പത്നി ദീപ്തി ബെൻ, ആ ബിസിനസ് സാമ്രാജ്യത്തിന്റെ നോക്കി നടത്തിപ്പുകാരനായ ദീപ്തിയുടെ സഹോദരൻ ഹിതേഷ് കുമാർ പട്ടേൽ എന്നിവർ അൽബേനിയ വിടാൻ ശ്രമിക്കുന്നു. അതിൽ, അൽബേനിയൻ പ്രസിഡന്റ് നേരിട്ടനുവദിച്ച പുതിയ പാസ്പോർട്ട് ഉണ്ടായിരുന്ന നിതിൻ, ചേതൻ, ദീപ്തി എന്നവരെ പോകാൻ എമിഗ്രെഷൻ അനുവദിക്കുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരുന്നതുകൊണ്ടും, നാലുപേർക്കുമെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഉണ്ടായിരുന്നതുകൊണ്ടും പട്ടേലിനെ മാത്രം എമിഗ്രെഷൻ തടഞ്ഞു വെക്കുന്നു.  സന്ദേസറാ സഹോദരന്മാരെയും ദീപ്തി ബെന്നിനെയും കൊണ്ട് ആ ചാർട്ടേർഡ് വിമാനം പോയത് എങ്ങോട്ടെന്നുള്ള കാര്യത്തിൽ ഇന്ന് അൽബേനിയൻ ഗവണ്മെന്റിനു പോലും കൃത്യമായ ധാരണകളില്ല. എങ്കിലും, അവസാനമായി അവരുടെ വിമാനം ട്രാക്കറിൽ വന്ന ലൊക്കേഷനും, അവരുടെ നിലവിലെ ബിസിനസ് നിക്ഷേപങ്ങളും പരിഗണിച്ചാൽ പോയിരിക്കുന്നത് നൈജീരിയയിലേക്ക് ആയിരിക്കാനാണ് സാധ്യത കാണുന്നത് എന്ന് OCCRP തങ്ങളുടെ പ്രാഥമികാന്വേഷണങ്ങളുടെ ബലത്തിൽ അനുമാനിക്കുന്നുണ്ട്. അവിടെയാണ് ഇപ്പോഴും അവർ ഒളിവിൽ കഴിയുന്നത് എന്നാണ് കരുതപ്പെടുന്നത്. 

നൈജീരിയൻ ബന്ധങ്ങൾ

നൈജീരിയയുമായുള്ള സന്ദേസറാ സഹോദരന്മാരുടെ ബന്ധം തുടങ്ങുന്നത് 2011 മുതൽക്കാണ്. ഇവരുടെ സ്റ്റെർലിങ് എനർജി ആൻഡ് എക്സ്പ്ലോറേഷൻ കോ. ലിമിറ്റഡ് എന്ന സ്ഥാപനം നൈജീരിയയിലെ അലീൻ എനർജി ലിമിറ്റഡുമായി കൂട്ടുചേർന്ന് മൂന്നു ബില്യൺ ഡോളർ മതിപ്പുള്ള ഒരു എണ്ണപ്പാടത്തിൽ ഖനനം നടത്താനുള്ള കരാർ തരപ്പെടുത്തുന്നു. അന്നത്തെ നൈജീരിയൻ പ്രസിഡന്റ് ഇതേ സ്റ്റെർലിംഗിനെ 2014 -ൽ രാജ്യത്തെ ടോപ്പ് 100 ബിസിനസ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഈ സന്ദേസറാ സഹോദരന്മാർ ആരോപണ വിധേയരായതൊന്നും നൈജീരിയൻ ഭരണകേന്ദ്രങ്ങളിൽ യാതൊരു അലോസരവും ഉണ്ടാക്കിയിട്ടില്ല. ഇന്ത്യൻ ഗവണ്മെന്റ് ഇവരെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ചതിന്റെ അടുത്ത മാസമാണ് നൈജീരിയയുടെ വിദേശ കാര്യമന്ത്രി ആയ ഖദീജ ബുകാർ അബ്ബാ ഇബ്രാഹിം നിതിൻ സന്ദേസറയെ നൈജീരിയയിലേക്കുള്ള അൽബേനിയയുടെ ഓണററി കോൺസുൽ ആയി നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഈ മെയിൽ അയക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിതിൻ വഹിച്ച പങ്കിനുള്ള അംഗീകാരം എന്ന നിലയിലായിരുന്നു ഈ നടപടി. ഇങ്ങനെ ഒരു സന്ദേശം കിട്ടിയ ഉടനെ അൽബേനിയൻ സർക്കാർ അതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും 2019 ജനുവരിയോടെ നിതിൻ സന്ദേസറക്ക് ആ പദവി അനുവദിച്ചു കിട്ടുകയും ഒക്കെ ഉണ്ടായി.

സന്ദേസറ സഹോദരന്മാരെ ഇന്ത്യൻ ബാങ്കുകൾ അന്യായമായി വേട്ടയാടുകയാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വിധികൾ പോലും നൈജീരിയൻ കോടതികളിൽ നിന്ന് ഇവർ നേടിയെടുക്കുകയുണ്ടായി. 2019 -ൽ ഇന്ത്യൻ ഗവണ്മെന്റ് നൈജീരിയൻ സർക്കാരിനോട് സന്ദേസറ സഹോദരന്മാരെ വിട്ടു കിട്ടാൻ വേണ്ടി അപേക്ഷിച്ചപ്പോൾ, ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്നും പറഞ്ഞ് നിരസിക്കുകയാണ് നൈജീരിയ ചെയ്തത്.  ഇത്രയൊക്കെ കഴിഞ്ഞിട്ടും ഇന്ത്യൻ റിഫൈനറികൾ സ്റ്റെർലിങ് എനർജിയിൽ നിന്ന് തുടർന്നും ക്രൂഡോയിൽ വാങ്ങിയിരുന്നു എന്നാണ് OCCRP പരിശോധിച്ച ഓയിൽ ഷിപ്പിംഗ് ഡാറ്റ വെളിപ്പെടുത്തുന്നത്. സന്ദേസറ സഹോദരന്മാരെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ച ശേഷം മാത്രം ഇന്ത്യൻ കമ്പനികൾ സ്റ്റെർലിങ്ങിൽ നിന്ന് എണ്ണ വാങ്ങുക വഴി അവരുടെ അക്കൗണ്ടുകളിൽ കൊണ്ട് നിറച്ചിട്ടുള്ളത് ചുരുങ്ങിയത് 700 മില്യൺ ഡോളർ എങ്കിലുമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

കൊസോവോ കണക്ഷൻ

സന്ദേസറാ സഹോദരന്മാർക്ക് നിക്ഷേപങ്ങളുണ്ടായിരുന്ന, അവർ ഇടപെട്ടിട്ടില്ല ഒരേയൊരു ബാൽക്കൻ രാജ്യമല്ല അൽബേനിയ. കൊസോവോയിലും ഇവർക്ക് താത്പര്യങ്ങൾ ഉണ്ടായിരുന്നു. 2019 ഫെബ്രുവരിയിൽ കൊസോവയുടെ അന്നത്തെ പ്രധാനമന്ത്രി രാമുഷ്‌ ഹറാഡിനാജ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത് "നൈജീരിയയിൽ നിന്നുള്ള സന്ദേസറാ ഗ്രൂപ്പിന്റെ പ്രതിനിധി ചേതൻ കുമാർ സന്ദേസറായുമായി ടൂറിസം, കൃഷി മേഖലകളിൽ പുതിയ ബിസിനസ് നിക്ഷേപങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ചർച്ചകൾ നടത്തി എന്നാണ്."  

ഇന്ത്യൻ ഗവണ്മെന്റ് സന്ദേസറ സഹോദരന്മാരെ തിരികെ ഇന്ത്യയിലെ എത്തിച്ച് വിചാരണ ചെയ്യാൻ വേണ്ടത് ചെയുന്നുണ്ട് എന്നവകാശപ്പെടുമ്പോഴും, സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളിൽ ഇവരുടെ മാസപ്പടി പറ്റുന്നവർ ജോലി ചെയുന്നുണ്ട് എന്നൊരു ആരോപണം സുപ്രസിദ്ധ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അടുത്തിടെ ഉന്നയിച്ചിരുന്നു. അൽബേനിയ, നൈജീരിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര തലത്തിൽ  പലവട്ടം സന്ദേസറ സഹോദരന്മാരെ നാടുകടത്താൻ വേണ്ടി ശ്രമിച്ചിട്ടുണ്ട് എങ്കിലും, ഇന്ത്യൻ ഗവണ്മെന്റ് നിരപരാധികളായ അവരെ മത രാഷ്ട്രീയ വൈരങ്ങളാൽ വേട്ടയാടുകയാണ് എന്ന മറുപടിയുടെ ആ അപേക്ഷകൾക്ക് നേരെ മുഖം തിരിക്കുകയാണ് പ്രസ്തുത രാജ്യങ്ങൾ ഇപ്പോഴും ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios