ദില്ലി: ഭാഷാ വിവാദത്തിൽ തന്റെ മുൻ നിലപാടിലുറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് എല്ലായിടത്തും അതതിടങ്ങളിലെ മാതൃഭാഷയ്ക്ക് പുറമെ രണ്ടാം ഭാഷയായി ഹിന്ദി തന്നെ പഠിപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഹിന്ദി ഭാഷാ പത്രമായ ഹിന്ദുസ്ഥാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാനും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനത്ത് നിന്നാണ് വരുന്നത്. ഞാൻ പറഞ്ഞത്, മാതൃഭാഷയ്ക്ക് പുറമെ ഇവിടെ ഒരു പൊതുഭാഷ വേണം, അത് ഹിന്ദിയായിരിക്കണം എന്നാണ്." അദ്ദേഹം പറഞ്ഞു.

"ഹിന്ദി വ്യാപിപ്പിക്കേണ്ടതും, പുരോഗതി കൈവരിക്കേണ്ടതും ദേശീയ ഉത്തരവാദിത്തമാണ്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ ഒരു ഭാഷ രാജ്യത്തിന്റെ അടയാളമായി മാറേണ്ടതുണ്ട്. രാജ്യത്തെ മുഴുവൻ ഒറ്റ നൂലിൽ കോർക്കാൻ ഏതെങ്കിലും ഭാഷയ്ക്ക് സാധിക്കുമെങ്കിൽ അത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് മാത്രമാണ്," എന്നായിരുന്നു ഹിന്ദി ദിവസ് ആചരണത്തിനിടെ അമിത് ഷാ പറഞ്ഞത്.