ശ്രീനഗർ: അർധരാത്രി കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. 

ജമ്മു കശ്മീരിൽ വലിയ എന്തോ നീക്കത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ഉന്നത തല ചർച്ചകൾക്ക് പിന്നാലെയാണ് അർധരാത്രി നാടകീയ നീക്കങ്ങൾ. ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരുന്നു.

സംസ്ഥാനത്ത് അർധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എന്നാൽ സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു.

പലയിടത്തും മൊബൈൽ ഇന്‍റർനെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചിലയിടത്ത് ബ്രോഡ് ബാന്‍റ് സേവനവും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 15 വരെ ഈ സേവനങ്ങളെല്ലാം തടഞ്ഞു വയ്ക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ സർവകലാശാല ഓഗസ്റ്റ് 5 മുതൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. 

വൻ സൈനിക വിന്യാസം, പരിഭ്രാന്തിയോടെ ജനം

അമർനാഥ് യാത്രയോടനുബന്ധിച്ച് ആദ്യം പതിനയ്യായിരം സൈനികരെയാണ് കശ്മീർ താഴ്‍വരയിൽ ആദ്യം വിന്യസിച്ചത്. പിന്നീട് ഇരുപതിനായിരം അർധസൈനികരെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു. വലിയ സൈനികവിന്യാസം തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി. ഏതാണ്ട് മുപ്പത്തയ്യായിരം സൈനികരെ സംസ്ഥാനത്തേയ്ക്ക് അധികമായി വിന്യസിച്ചെന്നാണ് വിവരം. 

അമർനാഥ് യാത്ര വെട്ടിക്കുറയ്ക്കാൻ തീർത്ഥാടകർക്ക് നിർദേശം നൽകുകയും യാത്രയ്ക്ക് നേരെ പാക് ഭീകരർ ആക്രമണം നടത്താ പദ്ധതിയിട്ടിരുന്നെന്നും യാത്രാപാതയിൽ നിന്ന് അമേരിക്കൻ സ്നൈപ്പർ ഗൺ അടക്കം ആയുധങ്ങൾ കണ്ടെടുത്തെന്നും സേനയിലെ ഉന്നതർ തന്നെ വാർത്താ സമ്മേളനം നടത്തി പറഞ്ഞു. ഇതിന് പിന്നാലെ, വിനോദസഞ്ചാരികളോട് അടക്കം മടങ്ങാൻ നിർദേശിക്കുകയും ചെയ്തു.

എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ, ആളുകൾ എടിഎമ്മുകൾക്ക് മുന്നിൽ ക്യൂ നിന്നു. അവശ്യസാധനങ്ങൾ വാരിക്കൂട്ടി. എടിഎമ്മുകൾ കാലിയായി, സ്റ്റേഷനറിക്കടകളും. പെട്രോളും ഡീസലും കിട്ടാനില്ലാത്ത അവസ്ഥയായി. സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോകാൻ സഞ്ചാരികൾ തിരക്ക് കൂട്ടിയതോടെ, വിമാനനിരക്ക് കുത്തനെ ഉയർന്നു. ടിക്കറ്റുകൾ കിട്ടാനില്ലാത്ത നില വന്നു. ഒടുവിൽ എയർ ഇന്ത്യ 10,000 രൂപ പരിധി പ്രഖ്യാപിച്ച് അധികവിമാനങ്ങൾ നിയോഗിച്ചു. 

നിലവിൽ കർശന സുരക്ഷയിലാണ് ജമ്മു കശ്മീർ. മിക്ക പ്രധാന റോഡുകളിലും ബാരിക്കേഡുകൾ വച്ചിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന ഇടങ്ങളിലെല്ലാം ശക്തമായ പരിശോധനയുണ്ട്. കലാപമുണ്ടായാൽ തടയാനുള്ള പൊലീസ് സന്നാഹം ഇപ്പോഴേ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ഇനിയെന്ത് സംഭവിക്കുമെന്നറിയാതെ ആശങ്കയിലും പരിഭ്രാന്തിയിലുമാണ് സാധാരണക്കാർ. 

ഒറ്റക്കെട്ടായി ജമ്മു കശ്മീരിലെ രാഷ്ട്രീയനേതൃത്വം

ആദ്യം നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയാണ് നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പിന്നാലെ നിരോധനാജ്ഞയെക്കുറിച്ചുള്ള വിവരങ്ങളും വന്ന് തുടങ്ങി. വിദൂര മേഖലകളിലുള്ളവരെ സുരക്ഷിതരാക്കണമെന്നും, വർഗീയ കലാപം പൊട്ടിപ്പുറപ്പെടാനിടയുള്ള ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും, ആളുകളോട് നിയമം കയ്യിലെടുക്കരുതെന്നും ശാന്തരാകണമെന്നും ഒമറും മെഹബൂബ മുഫ്തിയും അടക്കമുള്ള രാഷ്ട്രീയനേതാക്കളെല്ലാവരും ട്വീറ്റ് ചെയ്തു. 

അപ്പോഴും എന്തിനാണ് നടപടികളെന്ന് പറയാതെ, ഇത്തരം നടപടി സ്വീകരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും നേതാക്കൾ രേഖപ്പെടുത്തി. രാഷ്ട്രീയത്തിൽ ബദ്ധവൈരികളാണെങ്കിലും, ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളൊന്നിച്ച് നിൽക്കുന്നുവെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. 

''ബുദ്ധിമുട്ടേറിയ സമയമാണിതെന്ന് അറിയാം. പക്ഷേ, നടക്കാൻ പോകുന്നത് എന്തായാലും ഇതിൽ ഞങ്ങൾ ഒന്നിച്ചാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ പോരാടും. നിയമപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തെ ഒന്നിനും തകർക്കാനാവില്ല'', മെഹബൂബ മുഫ്തി എഴുതി. 

സംസ്ഥാനത്തെ വൻ സൈനിക വിന്യാസത്തിന്‍റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ ഞായറാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞാലുണ്ടാകുന്ന ''പ്രത്യാഘാതങ്ങൾ വലുതാ''യിരിക്കുമെന്ന് യോഗം പ്രമേയം പാസ്സാക്കി. 

കേന്ദ്രം നടത്തിയത് അപ്രതീക്ഷിതനീക്കം

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദില്ലിയിൽ ഉന്നത സുരക്ഷാ ഏജൻസി തലവൻമാരുടെ യോഗം വിളിച്ചു ചേർത്തു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ദേശീയ ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് നാടകീയമായി ഇത്തരം നീക്കങ്ങൾ നടന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭായോഗം നടക്കാനിരിക്കുകയാണ്. 

ഇതിനിടെയാണ് ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയാനുള്ള ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിലാണ് കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. 

ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസ്സായാൽ പോര. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ ഇത് നിയമമാകൂ. ജമ്മു കശ്മീരിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിൽ അതിന് മുമ്പ് ഈ ബില്ലുകൾ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയസന്ദേശം നൽകാൻ ബിജെപി ശ്രമിക്കും. പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുമ്പ്, ബില്ലുകൾ ലോക്സഭയിലെങ്കിലും അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാൻ കഴിയുമോ എന്നാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. രാജ്യസഭയിൽ നിലവിലെ ഭൂരിപക്ഷം വച്ച് കേന്ദ്രസർക്കാരിന് ഈ ബില്ല് പാസ്സാക്കാനാകില്ല.