ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി. 2016 ജനുവരി ഒന്നു മുതല്‍ കണക്കാക്കി വേണം ഇത് നടപ്പാക്കാനെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നൽകി. അരിയേഴ്‌സിന്റെ 25 ശതമാനം മൂന്നു മാസങ്ങളായും ബാക്കിയുള്ള 25 ശതമാനം അടുത്ത മൂന്നു മാസങ്ങളായും ബാക്കിയുള്ള തുക 2023 ജൂണ്‍ 30ന് മുന്‍പായും കൊടുത്തു തീര്‍ക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

കേന്ദ്രൃ-സംസ്ഥാന ശമ്പള കമ്മീഷനുകളുടെ പരിധിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അവരുടെ ശമ്പള പരിഷ്‌കരണം ഉടനടി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട് . സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം അഞ്ചു വര്‍ഷത്തില്‍ ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പത്തു വര്‍ഷം കൂടുമ്പോഴും പരിഷ്‌കരിക്കുന്നുണ്ട്. 

എന്നാല്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലാത്തത് കൊണ്ട് അവരുടെ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണം എന്നാണ് കോടതി പറഞ്ഞത്. 2017ലാണ് രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷനെ നിയോഗിച്ചത്. കീഴ്‌ക്കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മറ്റ് അസൗകര്യങ്ങളും പരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു.

Read more:  ഇപിഎസ് - ഒപിഎസ് തർക്കം: കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം

എസ്എൻ കോളേജ് അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ദില്ലി: എസ്എന്‍ കോളജുകളിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹര്‍ജി തീര്‍പ്പാകുന്നതു വരെ അധ്യാപകരെ പിരിച്ചു വിടരുതെന്നും നിര്‍ദേശിച്ചു. വികലാംഗര്‍ക്കുള്ള നാലു ശതമാനം നിയമനം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം സ്‌റ്റേ ചെയ്തത്. 

Read more:  'ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്' എംഎൽഎക്ക് നേരെ വടിയെടുത്ത് സുപ്രീം കോടതി

ഇതിനെതിരേ എസ്എന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത് അഭയ് എസ്. ഓഖ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനോടകം നിയമിക്കപ്പെട്ട അധ്യാപകര്‍ക്കു സര്‍വീസില്‍ തുടരാമെന്നും തുടര്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഇഗ്ലീംഷ് അധ്യാപക തസ്തികയില്‍ ഒരു ഒഴിവ് നികത്താതെ ഇടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകൻ റോയി എബ്രഹാം വഴിയാണ് എസ് എൻ ട്രസ്റ്റ് കോടതിയെ സമീപിച്ചത്.