ബെലഗാവി:  300-ലധികം വർഷം പഴക്കമുള്ള ലിംഗായത്ത് മഠത്തിൽ ദസ്റ ആഘോഷം ഉദ്ഘാടനം ചെയ്ത് മുസ്ലിം സമുദായ നേതാവ്. കർണാടക ജില്ലയിലെ ഹുക്കേരി താലൂക്കിലെ ലിംഗായത്ത് മഠത്തിലാണ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതിയ ഉദ്ഘാടന ചടങ്ങ് നടന്നത്. 

കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ മേധാവി മുക്തർ പത്താനാണ് ഗുരുശാന്തേശ്വര സാംസ്ഥാൻ ഹിരേമത്ത് മഠത്തിൽ പത്തുദിന ഉത്സവങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. തലയിൽ തൊപ്പി ധരിച്ച് മഠത്തിന്റെ പ്രോഗ്രാം ഹാളിൽ വിളക്ക് തെളിയിച്ചായിരുന്നു ഉദ്ഘാടനം.

ഇതാദ്യമായാണ് മഠം ഒരു അഹിന്ദുവിനെ ദസറ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. മഠാധിപതി ചന്ദ്രശേഖർ മഹാസ്വാമി നൽകിയ ക്ഷണം സ്വീകരിച്ചായിരുന്നു പത്താൻ എത്തിയത്. ഹുക്കേരിയിൽ ദസറയ്ക്കം സമാരംഭം കുറിക്കാൻ എത്തിയതിൽ ഭാഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ദസറ ഒരു പ്രധാന സംഭവമാണ്, കൊറോണ വൈറസിനെ തുരത്താൻ ഹിന്ദുക്കളും മുസ്ലീംകളും ദേവിയോട് പ്രാർത്ഥിക്കുമെന്നും പത്താൻ പറഞ്ഞു.

പതിറ്റാണ്ടുകളായിഹുക്കേരി മഠത്തെ പോലെ ,വടക്കൻ കർണാടകയിലെ  മറ്റ് പല മഠങ്ങളും സാമുദായിക മൈത്രിക്ക് പ്രോത്സാഹനം നൽകുകയും ആയിരക്കണക്കിന് മുസ്‌ലിംകളും  മഠം സന്ദർശിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.