Asianet News MalayalamAsianet News Malayalam

കർണാടകയിലെ വിമത എംഎൽഎമാരുടെ ആസ്തിയിൽ ഒന്നര വർഷത്തിനിടെ വൻ വർധന

കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്.

Karnataka rebel mla s assets grew by Rs 180cr in 18 months
Author
Karnataka, First Published Nov 21, 2019, 9:41 AM IST

ബംഗളൂരു: കർണാടകത്തിൽ അയോഗ്യരായ വിമത എംഎൽഎമാരുടെ ആസ്തിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയുണ്ടായത് വൻ വർധന. മുൻ മന്ത്രി എംടിബി നാഗരാജിന്‍റെയും ആനന്ദ് സിംഗിന്‍റെയും ആസ്തി നൂറ് കോടിയിലധികമാണ് കൂടിയത്. കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്.

ഉപതെരഞ്ഞെടുപ്പിന്‍റെ നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഒന്നരക്കൊല്ലം കൊണ്ട് വിമതരുടെ ആസ്തിവർധനവിന്‍റെ കണക്ക് വന്നത്. ഏറ്റവും സമ്പന്നനായ എംഎൽഎ ആയിരുന്ന എംടിബി നാഗരാജ്, ഇപ്പോൾ ഹൊസക്കോട്ടയിലെ ബിജെപി സ്ഥാനാർത്ഥിയാണ്. നാഗരാജിന്‍റെ സ്വത്തിൽ 2018 തെരഞ്ഞെടുപ്പ് കാലത്തുളളതിനേക്കാൾ 180 കോടിയുടെ വർധനവുണ്ട്. മന്ത്രിപദവിയുൾപ്പെടെ രാജിവച്ച ജൂലൈ മാസത്തിന് ശേഷം നാഗരാജിന്‍റെ പേരിൽ വന്ന സ്ഥിരനിക്ഷേപം 48 കോടിയുടേതാണ്. ജയിച്ചാൽ മന്ത്രിപദവി തന്നെയാണ് നാഗരാജിനുള്ള യെദിയൂരപ്പയുടെ ഉറപ്പ്.

വിജയനഗരയിലെ ബിജെപി സ്ഥാനാർത്ഥി ആനന്ദ് സിംഗിന്‍റെ ആസ്തി 103 കോടി കൂടി. 2018ൽ ബിജെപിയിൽ നിന്ന് രാജിവച്ചാണ് ആനന്ദ് സിംഗ് കോൺഗ്രസിലെത്തിയത്. പഴയപാളയത്തിൽ വീണ്ടുമെത്തിയിരിക്കുകയാണ് ആനന്ദ് സിംഗ്. കോൺഗ്രസ് വിമതനായിരുന്ന ബൈരതി ബസവരാജിന്‍റെ ആസ്തി 28 കോടിയും ജെഡിഎസ് വിമതനായിരുന്ന കെ ഗോപാലയ്യയുടെ ആസ്തി ഏഴരക്കോടിയും കൂടി. ഇരുവർക്കും ഇത്തവണ ബിജെപി ടിക്കറ്റുണ്ട്. കെ സുധാകർ, ബി സി  പാട്ടീൽ എന്നീ വിമതരുടെ കണക്കും മോശമല്ല. എന്നാൽ വിമതനീക്കത്തിന് ചുക്കാൻ പിടിച്ച മുൻ കോൺഗ്രസ് നേതാവ് രമേഷ് ജർക്കിഹോളിക്കാണ് നഷ്ടം. ഒന്നരവർഷത്തിനിടെ 25 കോടിയുടെ കുറവാണ് ആസ്തിയിലുള്ളത്. കുതിരക്കച്ചവടത്തിന്‍റെ കണക്കറിയാൻ ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക നോക്കിയാൽ മാത്രം മതിയെന്നാണ് കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്‍റാവുവിന്‍റെ പരിഹാസം.

Follow Us:
Download App:
  • android
  • ios