ഹൈദരാബാദ്: പ്രളയജലം ഉയര്‍ന്നതോടെ ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിപ്പോയ വെങ്കടേഷ് ഗൗഡിന്റെ അവസാന ഫോണ്‍ കോള്‍ തന്റെ സുഹൃത്തിനായിരുന്നു! നമിഷങ്ങള്‍ക്കുള്ളില്‍ ആ കാറിനെ പ്രളയമെടുത്തു. ഹൈദരാബാദില്‍ പ്രളയം കൊണ്ടുപോയ നഷ്ടങ്ങളില്‍ വെങ്കടേഷ് ഗൗഡും ഉള്‍പ്പെടും. ഒഴുക്കില്‍ കാറില്‍ താന്‍ പെട്ടുപോയെന്ന് അറിയിക്കാനും എന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുമാണ് വെങ്കടേഷ് സുഹൃത്തിനെ വിളിച്ചത്. 

ആ സമയത്ത് മുന്നിലുണ്ടായിരുന്ന ഒരു മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു വെങ്കടേഷിന്റെ കാര്‍. വാഹനത്തിനുള്ളില്‍ വെള്ളം കയറിയിരുന്നു. ഇതെല്ലാം പറയുമ്പോള്‍ അയാളുടെ ശബ്ദം വല്ലാതെ ഇടയിരുന്നു. അടുത്തുള്ള മരത്തിലോ മതിലിലോ പിടിച്ചുകയറാന്‍ സുഹൃത്ത് വെങ്കടേഷിനോട് പറഞ്ഞെങ്കിലും അയാള്‍ക്ക് അതിനുകഴിഞ്ഞില്ലെന്ന് മൃതദേഹം കണ്ടെത്തിയതോടെ വ്യക്തമായി.  

''ധൈര്യമായിരിക്കൂ, നിനക്കൊന്നും സംഭവിക്കില്ല'' എന്ന് വാക്കുനല്‍കിയെങ്കിലും സുഹൃത്തിന് അയാളെ സഹായിക്കാനായില്ല. കാര്‍ ഒഴുകി പോകുന്നത് നിസ്സഹായമായി നോക്കി നില്‍ക്കാനെ ആ സുഹൃത്തിന് കഴിഞ്ഞുള്ളൂ. വ്യാഴാഴ്ച വെങ്കടേഷിന്റെ മൃതദേഹം കണ്ടുകിട്ടി. ഹൈദരാബാദില്‍ ശക്തമായ മഴയില്‍ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ രണ്ട് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും. തെലങ്കാനയില്‍ 50 പേരാണ് മരിച്ചത്.