​ഗുജറാത്ത്: ​​ഗുജറാത്തിലെ 31 സ്വകാര്യ ആശുപത്രികളിൽ കൊവിഡ് 19 രോ​ഗികൾക്കായി ചികിത്സ ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിലവിൽ അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര, സൂറത്ത് എന്നിവിടങ്ങളിലായി 2200 കിടക്കകളുള്ള കൊവിഡ് ആശുപത്രികളുണ്ട്. 4064 കിടക്കകളുള്ള 31 സ്വകാര്യ ആശുപത്രികൾ കൂടി സജ്ജമാക്കുമെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. പകർച്ചവ്യാധി തടയൽ നിയമ പ്രകാരം ആയിരിക്കും നിയുക്ത ആശുപത്രികളുടെ പ്രവർത്തനം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. അതുപോലെ ആവശ്യമെങ്കിൽ പാരാമെഡിക്കൽ സ്റ്റാഫിനെയോ ഡോക്ടർമാരെയോ അത്യാവശ്യ സേവനത്തിന് നിയോ​ഗിക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകി.

​ഗുജറാത്തിൽ ഇതുവരെ 16 പേരാണ് കൊവിഡ് 19 ബാധ മൂലം മരിച്ചത്. 29 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്. ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രിൽ 5 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവയവങ്ങൾ തകരാറിലായതിനെത്തുടർന്ന് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കൾ കുടിയേറ്റ തൊഴിലാളികളാണ്. എന്നാൽ എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല.