ബംഗളൂരു: സ്‌കൂളിൽ കന്നഡ സംസാരിക്കാൻ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചന്നസാന്ദ്രയിലുള്ള പ്രമുഖ സ്കൂളിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അടുത്തിടെയാണ് വിദ്യാർത്ഥികളും സ്‌കൂളിലെത്തുന്ന രക്ഷിതാക്കളും കന്നഡ സംസാരിക്കരുതെന്ന് സ്കൂൾ അധികൃതർ സർക്കുലർ ഇറക്കിയത്. കന്നഡ സംസാരിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ആദ്യ തവണ പിഴയായി 50 രൂപയും അടുത്ത തവണ ലംഘിച്ചാൽ തുകയുടെ ഇരട്ടി ഈടാക്കുമെന്നും സ്കൂൾ അധികൃതർ സർക്കുലറില്‍ നിർദ്ദേശിച്ചു.

ഇക്കാര്യം രക്ഷിതാക്കളില്‍ ചിലർ കർണ്ണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സ്കൂൾ മാനേജ്മെന്റ് മാതൃഭാഷയെ നിന്ദിക്കുകയാണെന്ന് രക്ഷിതാക്കൾ മന്ത്രിയ്ക്കു നൽകിയ കത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി നിർദ്ദേശ നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.