ജയ്‍പുര്‍: സംസ്ഥാനത്ത് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതായി അറിയിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ഗാന്ധി ജയന്തി ദിനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഗ്നീഷ്യം കാര്‍ബണേറ്റ്, നിക്കോട്ടിന്‍, പുകയില പദാര്‍ത്ഥങ്ങള്‍, രുചി വര്‍ധിപ്പിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത സുപാരി എന്നിവ അടങ്ങിയ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധിച്ചത്. 

പാന്‍മസാലയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ്  രാജസ്ഥാന്‍. യുവാക്കള്‍ക്കിടയിലെ ലഹരി ആസക്തി തടയാന്‍ പാന്‍ മസാല നിരോധനത്തിലൂടെ കഴിയുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് രാജസ്ഥാന്‍ ആരോഗ്യമന്തി രഘു ശര്‍മ്മ പറഞ്ഞു. ഇതിന് മുമ്പ് മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകളാണ് പാന്‍മസാല നിരോധിച്ച് ഉത്തരവിറക്കിയത്.