Asianet News MalayalamAsianet News Malayalam

തിരുത്തിയ ഹര്‍ജിയുമായി രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന ഇന്ന് സുപ്രീംകോടതിയില്‍

ഹര്‍ജിയിൽ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. രാഷ്ട്രപതി ഭരണം നിലവിൽ വന്ന സാഹചര്യത്തിൽ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായി. 

Shiv Sena set to move Supreme Court against governor denying request for time, approaches Kapil Sibal
Author
Mumbai, First Published Nov 13, 2019, 6:22 AM IST

ദില്ലി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ശിവസേന ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. സര്‍ക്കാര്‍ രൂപീകരിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിടാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു.

ഹര്‍ജിയിൽ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. രാഷ്ട്രപതി ഭരണം നിലവിൽ വന്ന സാഹചര്യത്തിൽ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജി നൽകുക. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് രാവിലെ പത്തര മണിക്ക്
ചീഫ് ജസ്റ്റിസ് കോടതിയിൽ ശിവസേന ആവശ്യപ്പെടാനും സാധ്യതയുണ്ട്.

രാഷ്ട്രപതി ഭരണം വന്ന വഴി

സർക്കാർ രൂപീകരണത്തെക്കുറിച്ച് അറിയിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാത്രി എട്ടര വരെയാണ് എൻസിപിക്ക് സമയം നല്കിയത്. എന്നാൽ അതുവരെ കാത്തുനിൽക്കാതെയുള്ള ചടുല നീക്കങ്ങളാണ് ദില്ലിയിലും മഹാരാഷ്ട രാജ്ഭവനും കേന്ദ്രീകരിച്ച് നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി. സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിയില്ലെന്ന് ബോധ്യമായി. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ട്. കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന പരാതികളുമുണ്ട്. എൻസിപിയും മൂന്നു ദിവസത്തെ സമയം കൂടി ചോദിച്ചു.  ഈ സാഹചര്യത്തിൽ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്നായിരുന്നു ഗവർണറുടെ ശുപാർശ.

ഉച്ചതിരിഞ്ഞ് രണ്ട് പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. യാത്ര മൂന്നു മണിയിലേക്ക് മാറ്റി അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചു. രാഷ്ട്രപതിഭരണത്തിന് ശുപാർശ നൽകി. വൈകിട്ട അഞ്ചു മണിക്ക് രാഷ്ട്രപതി പഞ്ചാബിൽ നിന്ന് തിരിച്ചെത്തി. അഞ്ചരയോടെ ശുപാർശയ്ക്ക് അംഗീകാരവുമായി. കോൺഗ്രസ് നേതാക്കൾ രാവിലെ സർക്കാർ രൂപീകരണം വീണ്ടും ചർച്ച ചെയ്തിരുന്നു. ശിവസേനയെ പിന്തുണയ്ക്കാൻ ചില ഉപാധികൾ കോൺഗ്രസ് മുന്നോട്ടു വച്ചു. കോൺഗ്രസ് കൂടി മന്ത്രിസഭയിൽ വേണമെന്ന് ശരദ് പവാർ വ്യക്തമാക്കി.  ശിവസേനയും എൻസിപിയും മുഖ്യമന്ത്രിപദം രണ്ടരവർഷം വീതം പങ്കിടുക എന്ന നിർദ്ദേശവും വന്നു. എന്നാൽ ചർച്ചകൾ പൂർത്തിയാക്കും മുമ്പ് ബിജെപി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു. 

ഇതിനിടെയാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉടനടി ശിവസേനയ്ക്കായി മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ കോൺഗ്രസ് നിയോഗിച്ചു. സുപ്രീംകോടതിയിൽ കർണാടകയിലെ ജെഡിഎസ് - കോൺഗ്രസ് സഖ്യസർക്കാരിനായി വാദിച്ചത് കപിൽ സിബലാണ്. ആദ്യം ബിജെപിയെപ്പോലെ സർക്കാർ രൂപീകരണത്തിന് ഗവർണർ സമയം തന്നില്ലെന്ന ഹർജി നൽകിയ ശിവസേന, രാഷ്ട്രപതിഭരണത്തിന് എതിരെ രണ്ടാം ഹർജിയും നൽകാനൊരുങ്ങുകയാണ്. 

കോടതിയിലെന്ത്?

എത്ര പേരുണ്ടാകും ഒരു ഭരണകക്ഷിയിൽ എന്നതിൽ തർക്കം നിലനിന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണം. അതിന് ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ മാത്രമേ രാഷ്ട്രപതിഭരണമുൾപ്പടെയുള്ള തുടർ നടപടികളിലേക്ക് ഗവർണർക്ക് കടക്കാനാകൂ. അതല്ലാതെ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഒരു കക്ഷിയ്ക്ക് ഉണ്ടാകില്ല എന്ന് ഗവർണർ അനുമാനിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതിയുടെ എസ്ആർ ബൊമ്മൈ വിധിപ്രസ്താവം തന്നെ പറയുന്നു. സർക്കാർ രൂപീകരണങ്ങളുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളിൽ സുപ്രധാനമായ ഈ വിധിപ്രസ്താവം എന്തുകൊണ്ട് ഗവർണർ പിന്തുടർന്നില്ല എന്നത് കോടതിയിൽ വിശദീകരിക്കേണ്ടി വരും. 

ചുരുക്കത്തിൽ ബിജെപി കേന്ദ്രസർക്കാർ സംവിധാനത്തെയും ഗവർണറുടെ രാജ്ഭവനെയും ഉപയോഗിച്ച് ബിജെപിയിതര സർക്കാർ നിലവിൽ വരുന്നതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നു. 

കൃത്യമായ സമയം ബിജെപി ഒഴികെയുള്ള ഒരു കക്ഷിക്കും സർക്കാർ രൂപീകരണത്തിന് നൽകാത്തത് കടുത്ത പക്ഷപാതിത്വമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയെത്തന്നെ കളിയാക്കുന്ന തീരുമാനമാണിതെന്ന് കോൺഗ്രസ്. അതല്ലെങ്കിൽ എൻസിപിക്ക് കൂടി നൽകിയ സമയം അവസാനിക്കുന്നത് വരെ ഗവർണർ കാത്തിരിക്കണമായിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ ഗവർണറുടെ നീക്കം നിയമ, ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരോപിച്ചു. 

രാഷ്ടപതിഭരണത്തിനുള്ള ശുപാർശ ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചു. രാഷ്ട്രപതിയുടെ തീരുമാനത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു.

അതേസമയം, സഖ്യസർക്കാർ നിലവിൽ വന്നാൽത്തന്നെ മുഖ്യമന്ത്രി എൻസിപിയിൽ നിന്നാകണമെന്ന് കോൺഗ്രസ് വാശിപിടിക്കുന്നുണ്ട്. ബിജെപിയുമായി സഖ്യരൂപീകരണത്തിൽ ശിവസേന ഏറ്റവുമധികം ഉടക്കിട്ടതും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയാണ്. 

തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കോടതി കയറുകയാണ് ഒന്നും രണ്ടും മോദി ഭരണകാലത്ത്. ഏറ്റവുമൊടുവിൽ കർണാടകയ്ക്ക് ശേഷം ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന മഹാരാഷ്ട്രയും കോടതിയുടെ തീരുമാനത്തിൽ തൂങ്ങിയാടുന്നത് കേന്ദ്രബിജെപി നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

നവംബർ 17-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കാനിരിക്കുകയാണ്. ജസ്റ്റിസ് എസ് എ ബോബ്‍ഡെയാണ് പുതിയ ചീഫ് ജസ്റ്റിസ്. വിരമിക്കുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ബഞ്ച് പരിഗണിച്ചിരുന്ന കർണാടകയിലെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ നാളെ വിധി വരും. ഇതിനിടെയാണ് മഹാരാഷ്ട്രയും കോടതി കയറുന്നതെന്നതും ശ്രദ്ധേയം. 

Follow Us:
Download App:
  • android
  • ios