Asianet News MalayalamAsianet News Malayalam

മാറ്റങ്ങള്‍ വിതച്ച് ക്ഷേമ പദ്ധതികള്‍, മോദി സര്‍ക്കാരിന്‍റെ ഏഴു നേട്ടങ്ങള്‍

നിരവധി ക്ഷേമ പദ്ധതികളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലത്തിനിടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതില്‍ ഏറെ ശ്രദ്ധേയമായ ഏഴു സുപ്രധാന പദ്ധതികളെക്കുറിച്ച് പരിശോധിക്കാം

Top 7 schemes of Modi government
Author
First Published Sep 17, 2023, 7:10 AM IST


ദില്ലി: കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഹര്‍ ഘര്‍ ജല്‍ (ജല്‍ ജീവന്‍ മിഷന്‍), ഹര്‍ ഘര്‍ ശൗചാലയ് (ശ്വച്ഛ് ഭാരത് മിഷന്‍), ഹര്‍ ഘര്‍ ബിജ്ലി ‌(സൗഭാഗ്യ യോജന), ഹര്‍ ഘര്‍ ഗ്യാസ് സിലിണ്ടര്‍ (ഉജ്ജ്വല യോജന), ഹര്‍ ഘര്‍ റേഷന്‍ (ഗരീബ് കല്യാണ്‍ യോജന), ഹര്‍ ഘര്‍ ബാങ്ക് അക്കൗണ്ട് (ജന്‍ ധന്‍ യോജന), ഹര്‍ ഘര്‍ സ്വാസ്ത്യ (ആയുഷ് മാന്‍ യോജന), ഹര്‍ ഘര്‍ ടീക്ക (ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവ്), ഹര്‍ ഘര്‍ പക്കാ ഘര്‍ (പി.എം ആവാസ് യോജന) തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം ജന്മദിനം ഇന്ന് ആഘോഷിക്കുമ്പോള്‍, സ്വച്ഛ് ഭാരത് അഭിയാന്‍ മുതല്‍ ജല്‍ ജീവന്‍ മിഷന്‍ വരെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനപ്പെട്ട ഏഴു ക്ഷേമ പദ്ധതികളെക്കുറിച്ച് പരിശോധിക്കാം. 

പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന

2014 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി ജന്‍-ധന്‍ യോജന നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കിയത്. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആനൂകുല്യങ്ങള്‍ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിട്ടു. 2021ലെ കണക്ക് പ്രകാരം പദ്ധതിക്ക് കീഴില്‍ 43.04 കോടി ഗുണഭോക്താക്കളാണ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്. 

സൗഭാഗ്യ യോജന

നഗര -ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2017 സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ച പദ്ധതിയാണ് സൗഭാഗ്യ യോജന ‌(ഹര്‍ ഘര്‍ ബിജ്ലി). കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യുതിയില്ലാത്ത 2.82 കോടി വീടുകളിലാണ് വൈദ്യുതിയെത്തിച്ചത്. വൈദ്യുത ലൈന്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സോളാര്‍ വൈദ്യുതി സംവിധാനം ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

സ്വച്ഛ് ഭാരത് അഭിയാന്‍

ശുചിത്വമുള്ള രാഷ്ട്രം എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി 2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിത ഇന്ത്യ എന്ന ലക്ഷ്യവുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിക്കുന്നതിന് രാജ്യത്ത് ആകെ വേണ്ടിയിരുന്ന ടോയ്ലറ്റുകളുടെ 38.7ശതമാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 2019 ഒക്ടോബര്‍ രണ്ടോടെ 89.9 ലക്ഷം ടോയ്ലറ്റുകളാണ് നിര്‍മിച്ചത്. നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സമ്പൂർണ വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വച്ഛ് ഭാരത് അഭിയാന്‍റെ രണ്ടാ ഘട്ടം 2025വരെ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന 

2016 മെയ് ഒന്നിനാണ് ആദ്യമായി പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. 2021 ആഗസ്റ്റ് പത്തിന് പദ്ധതിയുടെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും പാചക വാതക ലഭ്യത (എല്‍.പി.ജി) ഉറപ്പാക്കുന്നതിനായാണ് പദ്ധതി നടപ്പാക്കിയത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുകയില്ലാതെ ഓരോ കണക്ഷനും 1600 രൂപയുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കി എല്‍.പി.ജി കണക്ഷന്‍ നല്‍കി. ആദ്യ സിലിണ്ടര്‍ സൗജന്യമായി നിറച്ചു നല്‍കി. പൊതുമേഖലയിലെ ഓയില്‍ കമ്പനികളില്‍നിന്ന് ഗ്യാസ് സ്റ്റൗവും സൗജന്യമായി നല്‍കി. 2022ലെ കണക്കുകള്‍ പ്രകാരം ആറുവര്‍ഷത്തിനിടെ പദ്ധതിക്ക് കീഴില്‍ ഒമ്പതുകോടിയിലധികം സൗജന്യ എല്‍.പി.ജി കണക്ഷനുകളാണ് നല്‍കിയത്. 

പ്രധാന്‍ മന്ത്രി കിസാന്‍ യോജന

2019 ഫെബ്രുവരി 24നാണ് പ്രധാന്‍ മന്ത്രി കിസാന്‍ യോജന പദ്ധതി രാജ്യവ്യാപകമായി പ്രഖ്യാപിച്ചത്. സ്ഥലം കൈവശമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. വര്‍ഷത്തില്‍ നാലുമാസം കൂടുമ്പോള്‍ 2000 രൂപ വീതം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. വര്‍ഷത്തില്‍ ആകെ 6000 രൂപയാണ് ധനസഹായമായി നല്‍കിയത്. രണ്ട് ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്കാണ് ആദ്യം സഹായം നല്‍കിയതെങ്കിലും പിന്നീട് ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കുമായി പദ്ധതി വ്യാപിപ്പിച്ചു.

ജല്‍ ജീവന്‍ മിഷന്‍

ഗ്രാമീണ മേഖലയില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി. 2024ഓടെ ഓരോ വീടുകളിലും ടാപ് കണക്ഷന്‍ ലഭ്യമാക്കി കുടിവെള്ളം ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവില്‍ ഗ്രാമീണ മേഖലയിലെ  ആകെയുള്ള വീടുകളില്‍  43.25ശതമാനത്തിലും വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 2019 ആഗസ്റ്റില്‍ ഇത് 16.8ശതമാനമായിരുന്നു. രണ്ടുവര്‍ഷകൊണ്ട് അഞ്ചുകോടിയിലധികം വീടുകളിലാണ് വാട്ടര്‍ ടാപ് കണക്ഷന്‍ ലഭ്യമാക്കിയത്. ടാങ്കറുകള്‍ക്ക് പിന്നില്‍ കുടിവെള്ളത്തിനായി കാത്തുനില്‍ക്കേണ്ട അവസ്ഥക്ക് മാറ്റമുണ്ടാകും. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 50ശതമാനത്തിലധികം ഗ്രാമീണ വീടുകളില്‍ കണക്ഷനെത്തി.

അടല്‍ പെന്‍ഷന്‍ യോജന

ദുര്‍ബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാജ്യത്ത് സാമൂഹ്യക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ഇത്തരത്തില്‍ നിര്‍ധനരായവരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായവര്‍ക്ക് തുടങ്ങിയവര്‍ക്കായുള്ള ഒരു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 2015 ജൂണ്‍ ഒന്ന് മുതലാണ് ഈ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ അടല്‍ പെന്‍ഷന്‍ യോജനയിലേക്ക് 4.01 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിവസരം ഒരുക്കുന്ന വിശ്വകര്‍മ യോജന, ആയുഷ്മാന്‍ ഭവ എന്നീ പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്ന ആരോഗ്യ സുരക്ഷ പദ്ധതികളുടെ വിപുലമായ പദ്ധതിയായാണ് ആയുഷ്മാന്‍ ഭവ അവതരിപ്പിക്കുന്നത്. വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനം രാജ്യത്തെ 70 ഇടങ്ങളിലായാണ് നടക്കുക. കരകൗശല നിര്‍മാണം ഉള്‍പ്പെടെ പരമ്പരാഗതമായി തൊഴിലെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് വിശ്വകര്‍മ യോജന.

Follow Us:
Download App:
  • android
  • ios