ദില്ലി: ഭക്ഷ്യധാന്യങ്ങളും സവാളയും പയർവർഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദേശികൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ഭക്ഷധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതോടെ അവശ്യസാധനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഈ ഉല്പന്നങ്ങൾക്ക് ബാധകമാകില്ല. ഇവ ശേഖരിച്ചുവെക്കാനും ആര്‍ക്കുവേണമെങ്കിലും വിൽക്കാനും കയറ്റുമതി ചെയ്യാനും കര്‍ഷകന് സ്വാതന്ത്ര്യം ഉണ്ടാകും. കാര്‍ഷിക മേഖലയിൽ സ്വകാര്യ-വിദേശ നിക്ഷേപങ്ങളും കരാര്‍ കൃഷിയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് തീരുമാനത്തിന്‍റെ ലക്ഷ്യം. കാര്‍ഷിക ഉല്പന്നങ്ങളുടെ വില്പന ഉദാരമാക്കുന്നതിനുള്ള ഓര്‍ഡിനൻസ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷിക മേഖലക്കായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയായാണ് തീരുമാനങ്ങൾ.

നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായി സെക്രട്ടറിതല സമിതിക്കും രൂപം നൽകി. കൊൽക്കത്ത പോര്‍ടിന് ശ്യാമ പ്രസാദ് മുഖര്‍ജി പോര്‍ട് എന്ന് പേര് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വിസ ഇളവുകൾ നൽകാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വാണിജ്യ-ആരോഗ്യ രംഗങ്ങളിലെ ആവശ്യങ്ങൾക്ക് ഉൾപ്പടെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവര്‍ക്കാണ് യാത്രാ ഇളവ് നൽകുക.