Asianet News MalayalamAsianet News Malayalam

ലങ്കയിൽ ചൈനീസ് ചാരക്കപ്പൽ, നിരീക്ഷിക്കാൻ ഇന്ത്യ നൽകിയ ഡോർണിയർ വിമാനം; തിളച്ചുമറിഞ്ഞ് ഇന്ത്യൻ മഹാസമുദ്രം

750 കിലോമീറ്റർ പരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കപ്പലിന് കഴിയുമെന്നതിനാൽ  കൂടംകുളം, കൽപാക്കം എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലെയും ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെയും വിവരങ്ങൾ ചോരുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. 

Chinese Spy Ship Yuan wang-5 reached hampanthotta despite Indian concern
Author
Colombo, First Published Aug 17, 2022, 9:03 AM IST

കൊളംബോ: അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത്. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ്-അഞ്ച് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാനുള്ള തീരുമാനത്തെ തുടർന്നാണ് ആശങ്ക വർധിച്ചത്.  ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പും കപ്പൽ നങ്കൂരമിടുന്നത് നീട്ടിവെക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥനയും വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ടു. കപ്പൽ എത്തുന്നതിന് ഒരു ദിവസം മുമ്പ് ശ്രീലങ്കക്ക് ഡോർണിയർ നിരീക്ഷണ വിമാനം കൈമാറിയാണ് ഇന്ത്യ പ്രതികരിച്ചത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ യുവാൻ വാങ്-അഞ്ചിനെ ചാരക്കപ്പൽ എന്ന് വിശേഷിപ്പിക്കുമ്പോൾ ​ഗവേഷണ കപ്പൽ എന്നാണ് ചൈന പറയുന്നത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പൽ 22 വരെ ലങ്കൻ തുറമുഖത്തുണ്ടാകും. ഈ സമയങ്ങളിൽ ഇന്ത്യയുടെ ആണവ നിലയങ്ങളുടെ വിവരമടക്കം തന്ത്രപ്രധാന വിവരങ്ങൾ കപ്പൽ ചോർത്തുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. 750 കിലോമീറ്റർ പരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കപ്പലിന് കഴിയുമെന്നതിനാൽ  കൂടംകുളം, കൽപാക്കം എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലെയും ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെയും വിവരങ്ങൾ ചോരുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. എന്നാൽ, സമുദ്ര ഗവേഷണമാണ് ലക്ഷ്യമെന്നും ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ കപ്പലിന്റെ സാന്നിധ്യം ബാധിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ബെയ്ജിങ്ങിൽ വ്യക്തമാക്കി. മറ്റാരും ഇതിൽ ഇടപെടേണ്ടെന്ന് മുന്നറി‌യിപ്പും നൽകി.

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് അനുമതി, ഹമ്പന്‍തോട്ട തുറമുഖത്തെത്തി

ചെകുത്താനും കടലിനും നടുവിൽപ്പെട്ട അവസ്ഥയിലായിരുന്നു ശ്രീലങ്ക. ചൈനീസ് കപ്പലിന് നങ്കൂരമിടാൻ നേരത്തെ അനുമതി നൽകിയതാണെങ്കിലും ഇന്ത്യ എതിർത്തതോടെ പ്രതിസന്ധിയിലായി. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് കപ്പലിന്റെ വരവ് നീട്ടിവെക്കാൻ ലങ്ക ചൈനക്ക് നിർദേശം നൽകി. എന്നാൽ, ലങ്കയുടെ നിർദേശവും ചൈന തള്ളിയതോടെ കപ്പലിന്റെ വരവ് ഉറപ്പാ‌യി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലങ്കക്ക് ഇന്ത്യയും ചൈനയും വേണ്ടപ്പെട്ട രാജ്യങ്ങളാണ്. 

200 പേരാണ് ചൈനീസ് ചാരക്കപ്പലിലുള്ളത്. തുറമുഖത്ത് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് കപ്പലിനെ സ്വീകരിച്ചു. ചൈനയുടെ വായ്പ ഉപയോഗിച്ചാണ് ഹമ്പൻതോട്ട തുറമുഖം വികസിപ്പിച്ചത്. ഇന്ധനവും ഭക്ഷ്യസാധനങ്ങളും സംഭരിക്കാൻ വേണ്ടി മൂന്ന് ദിവസം മാത്രമേ കപ്പൽ തുറമുഖത്ത് ഉണ്ടാകൂ എന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കപ്പൽ തുറമുഖത്തുണ്ടായേക്കും.  

കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുക്കാനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–അഞ്ച്. സാറ്റലൈറ്റ്, റോക്കറ്റ്, മിസൈലുകൾ എന്നിവയുടെ സാന്നിധ്യവും സഞ്ചാരവും അറിയാൻ കപ്പലിലെ സാങ്കേതിക വിദ്യക്ക് കഴിയുമെന്നും പറയുന്നു. ചൈന സൈനിക ആവശ്യങ്ങൾക്കാണ് കപ്പൽ ഉപയോഗിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. 

ഒരു മുഴം മുമ്പേ ഇന്ത്യ; ചൈനീസ് ചാരക്കപ്പൽ എത്തും മുമ്പേ ഡോർണിയർ നിരീക്ഷണ വിമാനം ശ്രീലങ്കക്ക് കൈമാറി

അതേസമയം, കപ്പലിന്റെ വരവ് ഉറപ്പായതോടെ ശ്രീലങ്കൻ നാവിക സേനക്ക് ഡോർണിയർ നിരീക്ഷണ വിമാനം കൈമാറിയാണ് ഇന്ത്യ മറുപടി നൽകിയത്.  കപ്പൽ നങ്കൂരമിടുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ ഡോർണിയർ വിമാനം കൈമാറിയത്. നാല് മാസക്കാലം ഇന്ത്യയിൽ പ്രത്യേക പരിശീലനം ലഭിച്ച 15 ശ്രീലങ്കൻ എയർഫോഴ്‌സ് ജീവനക്കാരാണ് വിമാനം പ്രവർത്തിപ്പിക്കുക. ശ്രീലങ്കൻ എയർഫോഴ്‌സിൽ (എസ്‌എൽഎഎഫ്) ഇന്ത്യൻ ഗവൺമെന്റ് ടെക്‌നിക്കൽ ടീം അവരുടെ മേൽനോട്ടം വഹിക്കും.

Follow Us:
Download App:
  • android
  • ios