ബ്രസീലിയ: മണിക്കൂറിൽ നാല് ബാലികമാർ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും ഓരോ രണ്ട് മിനിറ്റിലും പൊലീസിന് സ്ത്രീകൾക്കെതിരായ അക്രമത്തെ കുറിച്ച് വിവരം ലഭിക്കുന്നുവെന്നും ബ്രസീലിൽ നടത്തിയ പഠന റിപ്പോർട്ട്. ബ്രസീലിയൻ ഫോറം ഓഫ് പബ്ലിക് സെക്യുരിറ്റി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഏതാണ്ട് 20 കോടി ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ. സ്ത്രീകളുടെ നിത്യജീവിതം ഈ രാജ്യത്ത് നരകതുല്യമെന്നാണ് പഠനം തെളിയിക്കുന്നത്.

സ്ത്രീകളായത് കൊണ്ട് മാത്രം സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങളിൽ സമീപകാലത്ത് നാല് ശതമാനം വർധനവാണ് ഉണ്ടായത്. ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതി കൊല്ലപ്പെടുന്ന സ്ത്രീയുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്. ഔദ്യോഗിക രേഖകൾ പ്രകാരം പങ്കാളിയിൽ നിന്നും 2.63 ലക്ഷം സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബ്രസീലിൽ ചരിത്രത്തിലെ തന്നെ ഉയർന്ന കണക്കാണ് ബലാത്സംഗത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ തന്നെ 54 ശതമാനവും 13 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് എതിരെയുള്ളതുമാണ്.