Asianet News MalayalamAsianet News Malayalam

പ്രസിഡന്‍റിന്‍റെ രാജി ആവശ്യം: ചിലിയിൽ പത്ത് ലക്ഷം പേര്‍ അണിനിരന്ന് അക്രമരഹിത ജനകീയ സമരം

ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ ഒക്ടോബര്‍ 25ന് ഉച്ചയോടെയാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള ചിലിയിൽ പത്ത് ലക്ഷത്തിലേറെ പേരാണ് സാന്തിയാഗോയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. 

protest in Chile over 10 lakh of protesters demand president's resignation
Author
Chile, First Published Oct 26, 2019, 9:17 PM IST

സാന്തിയാഗോ: ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയായ സാന്തിയാ​ഗോയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. പ്രസിഡന്റ് സെബസ്റ്റ്യൻ പിനാരെയുടെ രാജിവയ്ക്കണമെന്നും രാജ്യത്ത് സാമ്പത്തിക പരിഷ്കരണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ ഒക്ടോബര്‍ 25ന് ഉച്ചയോടെയാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള ചിലിയിൽ പത്ത് ലക്ഷത്തിലേറെ പേരാണ് സാന്തിയാഗോയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പതാകകള്‍ വീശിയും മുദ്യാവാക്യം മുഴക്കിയും കിലേമീറ്ററുകളോളമാണ് പ്രതിഷേധകാർ മാർച്ച് നടത്തിയത്. ഇത്രയും ആളുകൾ പങ്കെടുത്ത മാർച്ച് വളരെ സമാധാനപരമായിട്ടായിരുന്നു നടന്നത് എന്നത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ന് ചരിത്ര നിമിഷമാണെന്നും വളരെ സമാധാനപരമായി നടന്ന മാർച്ച് നാളെത്തെ പുതിയൊരു ചിലിക്കായുള്ള സ്വപ്നസാക്ഷാത്കാരമാണെന്ന് സാന്തിയാ​ഗോ ​ഗവർണർ കർല റൂബിലർ ട്വീറ്ററിൽ കുറിച്ചു. പത്ത് ലക്ഷം പേർ അണിനിരക്കുന്ന സമരമായതിനാൽ 820,000 ലക്ഷത്തോളം പൊലീസുകാരെ തലസ്ഥാനത്ത് അണിനിരത്തിയിരുന്നതായും റൂബിലർ പറഞ്ഞു. അതേസമയം,  പ്രതിഷധത്തിന്റെ സന്ദേശം കേട്ടുവെന്നും തങ്ങള്‍ മാറിക്കഴിഞ്ഞുവെന്നുമായിരുന്നു സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഇത്തരം ഒരു മുന്നേറ്റത്തിലൂടെ ആയിരുന്നു ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ ഭരണം അവസാനിപ്പിച്ചത്. 1973 മുതല്‍ 1990 വരെ ആയിരുന്നു പിനോഷെ ചിലി ഭരിച്ചത്. അഗസ്റ്റോ പിനോഷേയുടെ ഭരണത്തിന് അന്ത്യം കുറിച്ച മുന്നേറ്റത്തോടാണ് പ്രതിഷേധത്തെ പലരും ഉപമിക്കുന്നത്. രാജ്യത്തെ സാമൂഹിക-സാമ്പത്തിക ഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് അന്നും ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നും അതേ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കുറഞ്ഞ ശബളം, പെൻഷൻ, വിലയേറിയ ചികിത്സ-വിദ്യാഭ്യാസ സൗകര്യങ്ങൾ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇതിനൊക്കെ എതിരെയാണ് ചിലിയിൽ പ്രതിഷേധം നടക്കുന്നത്.

Read More:ഹോങ്കോങ്, ചിലി, ലെബനൻ - മൂന്നു പ്രതിഷേധ സമരങ്ങൾ, മൂന്നിലും നിറയുന്നത് ഒരേ ആവേശം

അസമത്വത്തെ ചൊല്ലി കഴിഞ്ഞ ഒരാഴ്ചയായി ചിലിയില്‍ വലിയ സമരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 16 പേരാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഏഴായിരത്തില്‍ പരം ജനങ്ങളെ സര്‍ക്കാര്‍ തടവിലാക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർ‌ത്താൻ പ്രസിഡൻ്റ് പിനാരെ പട്ടാളത്തെ വരെ ഇറക്കിയിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സാമ്പത്തിക സ്ഥിരതയുള്ള രാജ്യമാണ് ചിലി. എന്നാല് കടുത്ത സാമ്പത്തിക അസമത്വമാണ് രാജ്യത്തിനുള്ളില്‍ അരങ്ങേറുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ചിലിയുടെ ചരിത്രത്തിലെ ആദ്യത്തെ ശതകോടീശ്വരനായ പ്രസിഡന്റാണ് സെബാസ്റ്റ്യന്‍ പിനാരെ. 2010 ല്‍ ആയിരുന്നു ആദ്യം പിനാരെ പ്രസിഡന്റ് ആകുന്നത്. 2014 ല്‍ സ്ഥാനമൊഴിഞ്ഞ പിനാരെ 2018 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios