കണ്ണൂര്‍: കടവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി ഭാഗ്യദേവത വന്നു കയറിയതിന്‍റെ അമ്പരപ്പും ആഹ്ളാദവും ഇതുവരെ മാറിയിട്ടില്ല  കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജന്. മകളുടെ കല്യാണത്തിനായി എടുത്ത ഏഴ് ലക്ഷം ലോൺ അടക്കാനാകാതെ കഷ്ടപ്പെടുന്നതിനിടെയാണ് കൂലിപ്പണിക്കാരനായ രാജനെ തേടി ഭാഗ്യമെത്തിയത്. സന്തോഷമേറയുണ്ടെങ്കിലും കോടികൾ അടിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രാജനും കുടുംബവും പറയുന്നു.

ബാങ്കിലെ കടം തീര്‍ക്കാനായി കഷ്ടപ്പെടുകയാണ് രാജന്‍. മകൻ രിഗിലിനൊപ്പം റബർ ടാപ്പിഗിന് പോയും കൂലിപ്പണിയെടുത്തുമാണ് ബാങ്കിലെ കടം അടച്ചു തീര്‍ക്കുന്നതും നിത്യചെലവുകള്‍ക്ക് വഴി കാണുന്നതും. ലോണിന്‍റെ കാര്യത്തിനായി ബാങ്കില്‍ പോയി മടങ്ങും വഴിയാണ് ഭാഗ്യദേവതയുടെ കൈയ്യൊപ്പ് പതിഞ്ഞ ക്രിസ്‍തുമസ്- ന്യൂയര്‍ ബംപര്‍ ടിക്കറ്റ് രാജന്‍ വാങ്ങിയത്. ചൊവ്വാഴ്ച ഭാഗ്യക്കുറി നറുക്കെടുപ്പിന് പിന്നാലെ തന്നെ ബംപര്‍ സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. വാര്‍ത്ത കണ്ടപ്പോള്‍ തന്നെ തന്‍റെ കൈവശമുള്ള ടിക്കറ്റ് തന്നെയല്ലേ ഇതെന്ന സംശയം രാജനുണ്ടായിരുന്നു. 

നമ്പര്‍ കണ്ടപ്പോള്‍ തന്നെ ഇതു ഞാനെടുത്ത നമ്പറല്ലേ എന്നൊരു സംശയം തോന്നിയിരുന്നു. അങ്ങനെ പത്രമെടുത്ത് ഒന്നൂടെ പരിശോധിച്ചു. രണ്ടു നമ്പറും ഒത്തുവന്നതോടെ എനിക്ക് തലചുറ്റുന്നപോലെയും കണ്ണില്‍ ഇരുട്ട് കയറുന്ന പോലേയുമൊക്കെ തോന്നി. ടെന്‍ഷന്‍ കാരണം നെഞ്ചിടിപ്പേറിയതോടെ അടുത്തുള്ള കടയില്‍ കേറി വേഗം ഒരു ചായ കുടിച്ചു. വീട്ടിലേക്ക് വിളിച്ച് ഭാര്യയെ വിവരമറിയിച്ചെങ്കിലും അവള്‍ അതു വിശ്വസിച്ചില്ല എനിക്ക് വെറുതെ തോന്നുന്നതാവുമെന്നും 12 കോടിയൊന്നും ഒരിക്കലും ലോട്ടറിയടിക്കില്ലെന്നുമൊക്കെയായിരുന്നു ഭാര്യയുടെ മറുപടി. ആവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ക്ക് പോലും സത്യം ബോധ്യമായത് - രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലോട്ടറിയടിച്ചെന്ന് മൂപ്പര് പറഞ്ഞപ്പോഴും ഒട്ടും വിശ്വാസമായില്ല എപ്പോഴും ലോട്ടറിയെടുക്കുന്ന ആളാണ് ഇതുവരെ ഇങ്ങനെ സമ്മാനം ലഭിച്ചിട്ടില്ല... ഇപ്പോഴും ഇതൊന്നും വിശ്വാസിക്കാന്‍ വയ്യ - അമ്പരപ്പ് മാറാതെ രാജന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. മകളുടെ കല്ല്യാണത്തിനായി എടുത്ത ഏഴ് ലക്ഷം ലോണ്‍ തീര്‍ക്കണം, ബാങ്കിലുള്ള വീടിന്‍റെ ആധാരം വീണ്ടെടുക്കണം, വീടൊന്ന് പുതുക്കി പണിയണം. പിന്നെ തന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ചിലരെ സഹായിക്കണം.... ഇത്രയൊക്കയേയുള്ളൂ രാജന്‍റെ മോഹങ്ങള്‍.

കൂത്തുപറമ്പില്‍ നിന്നും രാജനെടുത്ത ST 269609 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം ലഭിച്ചത്. സനീഷ് എന്ന ഏജന്‍റില്‍ നിന്നും വാങ്ങിയ ടിക്കറ്റില്‍ നിന്നാണ് നറക്കുവീണിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങൾ ഭാ​ഗ്യശാലികളികൾക്ക് ലഭിക്കും.

ജനുവരി പതിനഞ്ചിനോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിട്ടാവാം ഭാഗ്യടിക്കറ്റ് വിറ്റത് എന്ന് ഏജന്‍റായ സനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യശാലിയെ ഇന്നലെ കണ്ടെത്താനായില്ലെങ്കിലും സമാശ്വാസ സമ്മാനത്തിനുള്ള ടിക്കറ്റുമായി ഒരാള്‍ ഇന്നലെ തന്നെ സനീഷിനെ തേടിയെത്തിയിരുന്നു. ക്രിസ്‍മസ് ബംപര്‍ രണ്ടാം സമ്മാനം 50 ലക്ഷം വീതം പത്ത് പേര്‍ക്കാണ് നല്‍കുന്നത്. എസ്.എന്‍, 259 502 എന്ന ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനമായ പത്തു ലക്ഷം രൂപ പത്ത് പേര്‍ക്കായിരിക്കും. ലഭിക്കുക. ആകെ നാല്‍പ്പത് ലക്ഷം ടിക്കറ്റുകളാണ് ക്രിസ്‍മസ് - പുതുവത്സര ബംപര്‍ ലോട്ടറിക്കായി അച്ചടിച്ചത്. 36.84 ലക്ഷം ലോട്ടറികള്‍ വിറ്റു പോയി. 98.69 കോടി രൂപയുടെ വരുമാനമാണ് ക്രിസ്തുമസ് ന്യൂഇയര്‍ ലോട്ടറിയില്‍ നിന്നും സര്‍ക്കാരിന് കിട്ടിയത്. ഒന്നാം സമ്മാനം നേടിയ 12 കോടിയില്‍ നിന്നും സമ്മാനതുകയുടെ പത്ത് ശതമാനം ഏജന്‍റിന് കമ്മീഷനായി കിട്ടും. 30 ശതമാനം നികുതിയും ഏജന്‍റ് കമ്മീഷനും കഴിഞ്ഞുള്ള തുകയാവും ബംപര്‍ ലോട്ടറി ജേതാവിന് ലഭിക്കുക.