Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ലോട്ടറി വില്‍പന കൂടുന്നു: ഭാഗ്യാന്വേഷികള്‍ പെരുകുന്നു

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതിനു പിന്നാലെ മാര്‍ച്ച് 24നായിരുന്നു ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവച്ചത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തുടര്‍ച്ചയായി ജൂണ്‍ ഒന്നിന് നറുക്കെടുപ്പ് വീണ്ടും തുടങ്ങി. 

kerala lottery sales goes up after covid lockdown
Author
Kozhikode, First Published Aug 13, 2020, 6:29 AM IST

കോഴിക്കോട്: കൊവിഡ് കാലത്ത് കേരളത്തില്‍ ഭാഗ്യാന്വേഷികളുടെ എണ്ണം പെരുകുന്നു. ലോട്ടറി ടിക്കറ്റ് വില്‍പന ആഴ്ചതോറും ഉയരുന്നതായാണ് ലോട്ടറി വകുപ്പിന്‍റെ കണക്ക്. ജൂലൈ ആദ്യ വാരം 48 ലക്ഷം ടിക്കറ്റുകളായിരുന്നു വില്‍പന നടത്തിയിരുന്നതെങ്കില്‍ നിലവില്‍ 60 ലക്ഷത്തോളം ടിക്കറ്റുകളാണ് വില്‍ക്കുന്നത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതിനു പിന്നാലെ മാര്‍ച്ച് 24നായിരുന്നു ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവച്ചത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തുടര്‍ച്ചയായി ജൂണ്‍ ഒന്നിന് നറുക്കെടുപ്പ് വീണ്ടും തുടങ്ങി. ലോക്ക് ഡൗണ്‍ കാലത്ത് വില്‍ക്കാന്‍ കഴിയാഞ്ഞ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് ആദ്യം നടന്നത്. പിന്നാലെ 48 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തു. പിന്നീട് ഓരോ ആഴ്ചയിലും വില്‍പന കൂടി. 

ജൂലൈ അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം പെരുകി പലയിടത്തും കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വന്നതോടെ നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. എന്നിട്ടും വില്‍പന കുറഞ്ഞില്ലെന്നു മാത്രമല്ല ക്രമാനുഗതമായി ഉയരുകയും ചെയ്തു. 

ഓഗസ്റ്റ് ആദ്യ വാരം 60 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ അടുത്തയാഴ്ചത്തേയ്ക്ക് 66 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പ്രിന്‍റ് ചെയ്തിട്ടുളളത്. ഇറക്കുന്ന ടിക്കറ്റുകളെല്ലാം വിറ്റു പോകുന്നുണ്ടെന്നും ലോട്ടറി വകുപ്പ് പറയുന്നു. കൊവിഡ് കാലത്ത് തൊഴിലും വരുമാനവും ഇല്ലാതായ ഒരു വിഭാഗമാളുകള്‍ എങ്കിലും ലോട്ടറിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ടിക്കറ്റ് വില്‍പനയുടെ നേട്ടം വരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഏജന്‍റുമാര്‍ക്കുളളത്. എന്നാല്‍ വില്‍ക്കുന്ന 60 ലക്ഷത്തോളം ടിക്കറ്റുകളില്‍ രണ്ട് ലക്ഷത്തോളം ടിക്കറ്റുകളില്‍ ചെറുതും വലുതുമായ സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇതിന്‍റെ നേട്ടം ഏജന്‍റുമാര്‍ക്കുകൂടിയാണെന്നും ലോട്ടറി വകുപ്പ് വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios