ആലപ്പുഴ: പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. സൈക്കിളിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന നങ്ങ്യാർകുളങ്ങര അകംകുടിയിൽ ഡി.ദേവകുമാറിനെയാണ് ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി കബളിപ്പിച്ച് പണം തട്ടിയത്. കാറിൽ എത്തിയ ആളാണ് കൃത്യം ചെയ്തതെന്നാണ് പരാതി. 

ഇന്നലെ മുട്ടം ചൂണ്ടുപലക മുക്കിന് സമീപമാണ് സംഭവം നടന്നത്. കാറിൽ എത്തിയാൾ അക്ഷയയുടെ 40 രൂപ വിലയുള്ള 20 ലോട്ടറി ടിക്കറ്റ് വാങ്ങി. വിൻ വിൻ ലോട്ടറിയുടെ 2000 രൂപ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കോപ്പിയാണ് ഇയാൾ വിലയായി നൽകിയത്. ദേവകുമാർ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഈ ടിക്കറ്റ് സമ്മാനാർഹമാണെന്ന്  ബോധ്യപ്പെടുകയും ലോട്ടറി ടിക്കറ്റുകളും ബാക്കി തുകയായ 1200 രൂപയും നൽകുകയായിരുന്നു.

തുടർന്ന്, അദ്ദേഹം ഹരിപ്പാട്ടുള്ള ഏജൻസിയിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ്  ടിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതേ പ്രശ്നം കരുവാറ്റയിൽ രാജൻ എന്ന ലോട്ടറി കച്ചവടക്കാരനും നേരിട്ടു. കാറിൽ വന്നയാൾ അക്ഷയയുടെ 40 രൂപ വിലയുള്ള 10 ടിക്കറ്റുകളാണ് രാജനിൽ നിന്ന് വാങ്ങിയത്. വിലയായി വിൻ വിൻ ലോട്ടറിയുടെ സമ്മാനാർഹമായ 2000 രൂപയുടെ ടിക്കറ്റിന്റെ കോപ്പിയാണ് നൽകിയത്. 

പുതിയ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതിനായി ദേവകുമാർ എത്തിയ അതേ ഏജൻസിയിൽ തന്നെയാണ് രാജനും എത്തിയത്. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടകാര്യം രാജനും അറിയുന്നത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന അക്ഷയ ലോട്ടറി ടിക്കറ്റുകളാണ് രണ്ട് കച്ചവടക്കാരിൽ നിന്ന് വാങ്ങിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.