മലപ്പുറം: തൊണ്ണൂറ് ശതമാനവും കാഴ്ച നഷ്ടപ്പെട്ട ഷൈജുവിന്റെ തൊഴിൽ ലോട്ടറി വിൽപ്പനയാണ്. മലപ്പുറം കലക്‌ട്രേറ്റ് പരിസരത്ത് ലോട്ടറി വിൽക്കാനെത്തുന്ന പെരിന്തൽമണ്ണ സ്വദേശിയായ ഇയാളെ കാണാത്തവർ ചുരുക്കമാകും. കുടയും ചെറിയ ബാഗുമിട്ട് കലക്‌ട്രേറ്റ് പടിക്കലിലാണ് ഇദ്ദേഹത്തിന്റെ സ്ഥിരം വിൽപ്പന കേന്ദ്രം. 

ഓഫീസ് ജീവനക്കാരെ ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്ന ഇദ്ദേഹത്തിന് പക്ഷെ രണ്ട് ദിവസം മുമ്പാണ് ശരിക്കും അമളി സംഭവിച്ചത്. രണ്ടാം ശനിയാഴ്ചയെന്ന് ഓർക്കാതെ ഷൈജു പതിവുപോലെ ടിക്കറ്റുമായി കലക്‌ട്രേറ്റ് പടിക്കലെത്തി. എന്നാൽ ഓഫീസുകൾ അവധിയായതിനാൽ ചുരുക്കം ചിലത് മാത്രമെ ചെലവായുള്ളു. ബാക്കിയുള്ളത് എന്തുചെയ്യുമെന്ന സങ്കടത്തിരിക്കുമ്പോഴാണ് പൊലീസുകരെത്തിയത്. 

കലക്‌ട്രേറ്റ് പടിക്കലും നഗര മധ്യത്തിലും സുരക്ഷക്ക് വേണ്ടി നിയോഗിച്ച ഇവർ ഷൈജുവിനെ കൈ വെടിഞ്ഞില്ല. ബാക്കിയുള്ള മുഴുവൻ ടിക്കറ്റുകളും ഇവർ വിലകൊടുത്ത് വാങ്ങുകയായിരുന്നു. ടിക്കറ്റ് മുഴുവൻ വിറ്റതോടെ ഷൈജു ഹാപ്പിയായി, ഒപ്പം പൊലീസുകാരും.