Asianet News MalayalamAsianet News Malayalam

ഓഖി ദുരിതാശ്വാസ നിധിയിലും കയ്യിട്ടുവാരി സർക്കാർ; 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി

വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടി പ്രകാരം കെഎസ്ഇബിക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 46.11 കോടി രൂപ അനുവദിച്ചതായാണ് കാണുന്നത്.

46 crore ockhi fund transferred to electricity board
Author
Thiruvananthapuram, First Published Dec 24, 2019, 6:46 AM IST

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി കഴിഞ്ഞ രണ്ടുവർഷവും ബജറ്റിൽ വകയിരുത്തിയ തുക സർക്കാർ വിനിയോഗിച്ചില്ലെന്നും വിവരാവകാശനിയമ പ്രകാരം കിട്ടിയ രേഖയിൽ വ്യക്തമാകുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഓഖി ദുരന്തനിധിയിൽ നിന്ന് ചെലവാക്കിയ തുകയുടെ കണക്കിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഫണ്ടിലെ തുക വകമാറ്റിയ വിവരം വ്യക്തമായത്. വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടി പ്രകാരം കെഎസ്ഇബിക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 46.11 കോടി രൂപ അനുവദിച്ചതായാണ് കാണുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുരന്തനിവാരണ ഫണ്ട് ഉണ്ടെന്നിരിക്കെ, ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വൈദ്യുതി ബോർഡിന് വക മാറ്റിയതെന്തിനെന്ന് മറുപടിയിൽ വ്യക്തമല്ല.

ഓഖി ചുഴലിക്കാറ്റിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ആകെ എട്ടുകോടി രൂപയുടെ നാശനഷ്ടമാണ് വൈദ്യുതി ബോർഡിനുണ്ടായത്. എട്ട് കോടിക്ക് പകരം 46 കോടി രൂപ വൈദ്യുതി വകുപ്പിന് നൽകിയതെന്തിനെന്നും രേഖകളിൽ വ്യക്തമല്ല. ഇതോടൊപ്പം 2018ലെയും 19ലെയും സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി വകയിരുത്തിയ തുക കാര്യമായി വിനിയോഗിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നാണ് ഫിഷറീസ് മന്ത്രിയുടെ മറുപടി.

ഓഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും ദേശീയ ദുരന്ത നിവാരണ ഫണ്ടിലുമായി കിട്ടിയ ആകെ തുക 118 കോടി. ഇതിൽ നിന്ന് ചെലവഴിക്കേണ്ട പദ്ധതികൾ പലതും പാതിവഴിയിൽ കിടക്കുമ്പോഴാണ് സർക്കാർ വൈദ്യുതി വകുപ്പിന് തുക വകമാറ്റിയ വിവരം പുറത്തുവന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios