കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കൊച്ചിയിൽ പുതിയതായി ആരംഭിക്കുന്ന പ്രത്യേക കോടതിയിൽ നടക്കും. പോക്സോ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടതി ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. 

വനിതാ ജഡ‍്ജിയുളള ഈ കോടതിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടത്താനുള്ള അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടപടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.  പുതിയ കോടതിക്കായി 13 തസ്തികകളും സർക്കാർ അനുവദിച്ചു. 

പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എൻആർകെ  ഇൻവെസ്റ്റ്മെൻറ് കമ്പനി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. ലോകകേരളസഭയുടെ സ്റ്റാൻറിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിക്കുന്നത്.