തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഖില്‍ ആശുപത്രി വിട്ടു. ഈ മാസം 12 നാണ് അഖിലിന് കോളേജിൽ വച്ച് കുത്തേറ്റത്. ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സന്ദർശകർക്ക് നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പവർ ലിഫ്റ്റിംഗ് ചാമ്പ്യനായ അഖിലിന് ഇനി മത്സരരംഗത്തേക്ക് തിരിച്ചുവരാനാകുമോ എന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്.

യൂണിറ്റ് പ്രസിഡന്‍റായിരുന്ന ശിവര‍ഞ്ജിത്താണ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, മുന്‍ സെക്രട്ടറി നസീം, എസ്എഫ്ഐ പ്രവര്‍ത്തകരായ അമര്‍, അദ്വൈത്, ആദില്‍,ആരോമല്‍, ഇബ്രാഹിം എന്നിവര്‍ റിമാന്‍ഡിലാണ്. 

ക്യാംപസിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പാട്ട് പാടിയതാണ് യൂണിയന്‍ ഭാരവാഹികളെ പ്രകോപിപ്പിച്ചതും കത്തിക്കുത്തിലേക്ക് നയിച്ചതും. തന്നെ കുത്തിയത് ശിവരഞ്ജിത്ത്  ആണെന്ന് അഖില്‍ ആശുപത്രിയില്‍ വച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. നസീം തന്നെ പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് തന്നെ കുത്തിയെന്നുമായിരുന്നു അഖിലിന്‍റെ മൊഴി.