കൊച്ചി: ബ്യൂട്ടിപാര്‍ലറുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പമെന്ന് ഓള്‍ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. ഹെയർ കട്ടിങ്ങിന് മാത്രമായി പാര്‍ലറുകൾ തുറക്കാനാകില്ല. ഫേഷ്യൽ ഒഴികയുള്ള മറ്റ് വര്‍ക്കുകൾ ചെയ്യാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടീപാര്‍ലറുകളിലെ ആകെ തൊഴിലിന്‍റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടിങ്. മുടി മുറിക്കുന്നതിന് മാത്രമായി പാര്‍ലറുകൾ തുറക്കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതിനാൽ ഫേഷ്യൽ ഒഴികയുള്ള മറ്റ് വര്‍ക്കുകൾ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം അനുസരിച്ച് ചെയ്യുവാനുള്ള അനുവാദം സര്‍ക്കാർ നൽകണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. എങ്കിൽ  മാത്രമേ നഷ്ടമില്ലാതെ പിടിച്ചു നിൽക്കാൻ കഴിയുള്ളു.

രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകൾ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകൾ, മെഷീനുകള്‍ എന്നിവ നശിച്ചു. ഇതോടെ വലിയ കട ബാധ്യതയിലായിരിക്കുയാണ്. ഈ അവസ്ഥ മറികടക്കാൻ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ എംഎസ്എംഇ പരിധിയിൽ ബ്യൂട്ടീപാര്‍ലറുകളെക്കൂടി ഉൾപ്പെടുത്തി  ലോണുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.