Asianet News MalayalamAsianet News Malayalam

കോളേജ് പ്രിൻസിപ്പൽ നിയമനം: യുജിസി ചട്ടം പാലിക്കാതെ അധിക യോഗ്യതകളില്ലാത്തവരെ നിയമിക്കാൻ നീക്കം

കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ  യുജിസി നിർദേശം പാലിക്കാതെ  താൽക്കാലിക നിയമനത്തിന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം. 

Appointment of College Principal  Move to recruit those who do not comply with UGC rules and have additional qualifications
Author
Kerala, First Published Aug 17, 2020, 12:15 PM IST

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ  യുജിസി നിർദേശം പാലിക്കാതെ താൽക്കാലിക നിയമനത്തിന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം. സീനിയോറിറ്റിക്ക് പുറമെ അധികയോഗ്യതാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയ യുജിസി  നിർദേശമാണ് അട്ടിമറിക്കുന്നത്. പഴയ രീതിയിൽ പ്രിൻസിപ്പൽമാരെ സീനിയോറിറ്റി പ്രകാരം താൽക്കാലിക നിയമനം നടത്തുന്നത് സ്വന്തക്കാർക്ക് വേണ്ടിയെന്നാണ് പരാതി.

2018ലെ പുതിയ യുജിസി മാർഗ നിർദേശ പ്രകാര കോളേജ് പ്രിൻസിപ്പൽമാർക്ക് നിലവിലുള്ള പിഎച്ഡി യോഗ്യതയ്ക്കും 15 വർഷത്തെ അധ്യാപന സർവ്വീസിനും പുറമെ അധിക യോഗ്യതകൾ നിശ്ചയിച്ചിരുന്നു. യുജിസി അംഗീകൃത ജേണലുകളിൽ ചുരുങ്ങിയത് പത്ത് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചണമെന്നതും ഗവേഷണ സ്കോർ 110 എങ്കിലും വേണമെന്നതും ആയിരുന്നു ഇത്. ഇത് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമാണ്.  

പുതുക്കിയ യോഗ്യതാ മാനദണ്ഡ പ്രകാരം കോളേജ് ഡയറക്ടർ ഉത്തരവിറക്കി.  അപേക്ഷയും സ്വീകരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെ തീരുമാന പ്രകാരം  പ്രിൻസിപ്പൽ തസ്തികയിൽ   ചട്ടം മറികടന്ന് സീനിയോറിറ്റി പ്രകാരം താൽക്കാലിക നിയമനത്തിനാണ്  നീക്കം.  പഴയ യോഗ്യത പ്രകാരം നിയമനം നടത്തുന്നതിന്   റിപ്പോർട്ട് ലഭ്യമാക്കാൻ കോളേജ് ഡയറക്ട‍ർ പ്രിൻസിപ്പൽമാർക്ക് രഹസ്യ നിർദേശം നൽകി.   

പുതിയ റഗുലേഷൻ  ബാധമാക്കിയ സർക്കാർ ഉത്തരവും സിൻഡിക്കേറ്റ് തീരുമാനവും  നിലനിൽക്കെയാണിത്.   ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമം  സംഘടനാ നേതാക്കൾക്ക് വേണ്ടിയാണെന്നാണ് ആരോപണം. പട്ടികയിൽ   ഭരണാനുകൂല സംഘടനയിലെ പല അധ്യാപകർക്കും പുതിയ ചട്ട പ്രകാരമുള്ള യോഗ്യതയില്ല.     

നിലവിൽ 44 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പാൾ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്.   ഇവരിൽ 35 പേർക്കാണ്  പുതുക്കിയ മാർഗനിദേശ പ്രകാരമുള്ള യോഗ്യതയുള്ളത്.  വിഷയത്തിൽ അധ്യാപകർ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം പുതിയ ചട്ടം നടപ്പാക്കാൻ 2021 വരെ സമയമുണ്ടെന്ന് സീനിയോറിറ്റി നിയമനങ്ങൾക്കായി വാദിക്കുന്നവർ വിശദീകരിക്കുന്നു. യോഗ്യതകളുള്ളവരെയാണ് നിയമിക്കുന്നതെന്നും വാദം.

Follow Us:
Download App:
  • android
  • ios