Asianet News MalayalamAsianet News Malayalam

പ്രിയ വര്‍ഗ്ഗീസിന് തിരിച്ചടി: അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ അയോഗ്യയെന്ന് ഹൈക്കോടതി

അസോസിയേറ്റ് പ്രൊഫസര്‍ പദവിയ്ക്ക് അപേക്ഷിക്കാൻ യുജിസി എട്ട് വര്‍ഷത്തെ അധ്യാപകന പരിചയം ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഗവേഷണ കാലയളവും എൻ.എസ്.എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തന പരിചയവും  ഒഴിവാക്കിയാൽ നാല് വര്‍ഷം മാത്രമാണ് പ്രിയ ക്ലാസ്സിൽ അധ്യയനം നടത്തിയത് എന്ന് വ്യക്തമാണ്. 

Priya varghese is not qualified for the post Of Associate professor Says Kerala HC
Author
First Published Nov 17, 2022, 3:54 PM IST

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്. 

പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഈ അഭിമുഖത്തിൽ അഭി ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്. 

അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധർ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി പറഞ്ഞതായി കോടതി വിധിയിൽ പറയുന്നുണ്ട്. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും  ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്.  പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല,NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു. 

അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.  നിരവധി പേര്‍ കക്ഷി ചേര്‍ന്ന ഈകേസിൽ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയയുടെ ഹര്‍ജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സര്‍വ്വകലാശാല റാങ്ക് പട്ടിക പൂഴ്ത്തി വച്ചു. അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്. എന്നാൽ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നൽകുന്നില്ല. 
 

പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി  

ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗ്ഗീസിനെ ഇന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിൻ്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിൻ്റെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചത്. കോടതിയിൽ പല കാര്യങ്ങളും വാദത്തിനിടയിൽ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയിൽ മനസ്സിലാവണം എന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ല. - പ്രിയ വര്‍ഗ്ഗീസിൻ്റെ കേസിൽവിധി പറയും മുൻപ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട്  രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്‍റെ  നിയമനവുമായി മുന്നോട്ട് പോകാൻ ആവുകളുള്ളൂവെന്ന്  ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.  

പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ്   യുജിസി കോടതിയെ അറിയിച്ചിട്ടുള്ളത്. എൻഎസ്എസ് കോര്‍ഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയത്തെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമായിട്ടുണ്ട്. അതസമയം പ്രിയ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നായിരുന്നു  നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമാണ് സർവ്വകലാശാല നിലപാട്. 

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാമർശത്തിന് മറുപടിയുമായി ഇന്നലെ പ്രിയ വർഗ്ഗീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്നാണ് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ എഫ്.ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായതോടെ രണ്ടു മണിക്കൂറിനകം ഫേസ് ബുക്കിൽ നിന്നും പ്രിയ കുറിപ്പ് പിൻവലിച്ച് തടിതപ്പി. 

 

Follow Us:
Download App:
  • android
  • ios