കാസർകോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. കോട്ടയുടെ കിഴക്ക് ഭാ​ഗത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് തകർന്നത്. പ്രദേശത്ത് സന്ദർശകർ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

മഴ കുറഞ്ഞതോടെ കാസർകോട്ടേ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ക്യാമ്പുകളിൽ താമസിക്കുന്നവർ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ 31 ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകളാണ് ഉള്ളത്. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയ ചാത്തമത്ത്, പുടോതുരുത്തി, ചെമ്മാക്കര, പാലായി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ചാത്തമത്ത് ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടു.

നിലവിൽ 14 കൊത്തളങ്ങളുള്ള  ബേക്കൽ കോട്ടയുടെ കിഴക്ക് ഭാഗത്തെ രണ്ടാമത്തെ കൊത്തളത്തിന്റെ ഭിത്തിയാണ് തകർന്നത്. ആളുകൾ ഈ ഭാഗത്തേക്ക് വരാതിരിക്കാൻ കമ്പിവേലി, വള്ളമിറക്കുന്നത് തടയാൻ കൊത്തളത്തിന് മുകളിൽ ടാർ പായ വിരിച്ചിരിക്കുന്നു. ഇത് മാത്രമാണ് കൊത്തളം തകരാതിരിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ് സ്വീകരിച്ച അടിയന്തര നടപടികൾ. നേരത്തെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കൊത്തളം തിരമാലകളടിച്ച് തകർന്ന് വീണിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 

300 വർഷം പഴക്കമുള്ള ബേക്കൽ കോട്ടയുടെ കൊത്തളങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.